കാസര്‍കോട് ജില്ലയിലെ കടല്‍ത്തീരസംരക്ഷണം ഉള്‍പ്പടെ തീരദേശ മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ നടത്തും. അജാനൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടും.
പഠനം നടക്കുമ്പോള്‍ തന്നെ സമാന്തരമായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയറിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള നടപടി ആരംഭിക്കും. മഞ്ചേശ്വരം ഹാര്‍ബറില്‍ ഡ്രഡ്ജിങ് പ്രശ്‌നത്തിന് പരിഹാരം കാണും. കോട്ടിക്കുളം ഹാര്‍ബറിനുള്ള നിര്‍ദേശവും പരിഗണനയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടല്‍ക്ഷോഭത്തില്‍ നിന്ന് മസത്തൊഴിലാളികളെ സംരക്ഷിക്കാന്‍ താമസ സൗകര്യം അര്‍ഹരായവര്‍ക്കെല്ലാം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ഹാര്‍ബറിന്റെ നിര്‍മ്മാണത്തിലുണ്ടായ അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. മഞ്ചേശ്വരം ഹാര്‍ബറിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസര്‍കോട്, അജാനൂര്‍ ഹാര്‍ബറുകളിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി .
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, എം രാജ ഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ മന്ത്രിയെ അനുഗമിച്ചു. മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ പി.കുഞ്ഞിരാമന്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ചീഫ് എഞ്ചിനിയര്‍ ജോമോന്‍ ജോര്‍ജ് , സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കുഞ്ഞി മമ്മു പറവത്ത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സുരേന്ദ്രന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.