വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം തലമുറകളിലേക്ക് പകര്‍ന്ന് വായനാദിനം ആഘോഷിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പുസ്തക വായനയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന ഐ.വി. ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴുവരെ നീളുന്ന വായനാപക്ഷാചരണത്തിനും ഇതോടൊപ്പം തുടക്കമായി.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തേവള്ളി ബോയ്‌സ് ഹൈസ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. അറിവു നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം പുസ്തകങ്ങള്‍ തന്നെയാണ്. വായനയിലൂടെ നേടുന്ന അറിവാണ് ജീവിത വിജയത്തിലേക്ക് നയിക്കുന്നതെന്നാണ് അനുഭവം.   നമ്മുടെ നാട്ടിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വായന പരിപോഷിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയവുമാണ്. മൊബൈല്‍ ഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ അറിവു സമ്പാദനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നു കൂടി മുതിര്‍ന്നവര്‍ പുതുതലമുറയ്ക്ക് പറഞ്ഞു കൊടുക്കണം  – കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വായനയുടെ വലിയ മുന്നേറ്റമാണ് ഗ്രന്ഥശാലാ സംഘത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും ഇരുപതിനായിരത്തിലധികം ലൈബ്രറികളുള്ള ഒരു സമൂഹം കേരളത്തിലല്ലാതെ മറ്റെവിടെയും കാണാനാകില്ലെന്നും പരിപാടിയില്‍ അധ്യക്ഷനായ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ പറഞ്ഞു.
മലയാളിയുടെ വായനാസംസ്‌കാരം നിലനിറുത്തുന്നതില്‍ പി.എന്‍. പണിക്കര്‍ വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കവി ചവറ കെ.എസ്. പിള്ള വ്യക്തമാക്കി.
പി.എന്‍. പണിക്കര്‍ വിദ്യാരംഗം കലാ സാഹിത്യവേദി സ്‌കൂള്‍ യൂണിറ്റ് ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ്. നാസര്‍ നിര്‍വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍, ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപകുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്.കെ. മുംതാസ്ഭായി എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ യൂണിറ്റ് കണ്‍വീനര്‍ എന്‍. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.