കൊല്ലം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ സാഹചര്യമില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരികയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പെരുംകുളം ജി.പി. വി.എച്ച്. എസ്.എസിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സാധ്യമായ മികച്ച നിക്ഷേപമാണ് നടത്തുന്നത്. ഗവേഷണം പോലുള്ള മേഖലകള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സഹായകരമായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളുകളും തദ്ദേശസ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും നടത്തേണ്ടത്. പുസ്തകഗ്രാമമെന്ന ഖ്യാതി നേടിയ പെരുംകുളം ഗ്രാമത്തിലെ സ്‌കൂളില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ സാധ്യത പരിഗണിക്കും എന്നും മന്ത്രി അറിയിച്ചു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് അധ്യക്ഷയായി. മുന്‍ എം.എല്‍.എ പി. അയിഷാ പോറ്റി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം ഒ. ബിന്ദു, പഞ്ചായത്തംഗം പ്രസന്ന കുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ രാജ് കിഷോര്‍, പി.ടി.എ പ്രസിഡന്റ് സുബൈര്‍ മുസലിയാര്‍, വൈസ് പ്രസിഡന്റ് രഘു, ഹെഡ്മാസ്റ്റര്‍ പി.രാജു, സ്റ്റാഫ് സെക്രട്ടറി മിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.