കൊല്ലം: ആധുനിക ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ആശുപത്രിയില്‍ സ്ഥാപിച്ച ഡെന്റല്‍ എക്‌സ്-റേ യൂണിറ്റിന്റെയും ജീന്‍ എക്‌സ്പര്‍ട്ട് മെഷീന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം. സി. റോഡിന് സമീപത്തുള്ള ആശുപത്രി എന്ന പരിഗണനയോടെ അടിയന്തര ചികിത്സയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാത്തരം ചികിത്സകളും ഉറപ്പാക്കും. ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങുന്നതും പരിഗണിക്കും.
ആശുപത്രിയുടെ വികസനത്തിനാശ്യമായ തസ്തികകള്‍ അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നവീകരണം നടത്തുമെന്നും 28 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി. മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍, കൗണ്‍സിലര്‍മാരായ ഫൈസല്‍ ബഷീര്‍, എസ്. ആര്‍. രമേശ്, ഉണ്ണികൃഷ്ണ മേനോന്‍, വനജ രാജീവ്, ഗ്രേസി ശാമുവേല്‍, ബിജി ഷാജി, ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആര്‍. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.