എറണാകുളം: പള്ളിപ്പുറം മത്സ്യഗ്രാമത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിന്റെ മരണാനന്തര, വിവാഹ ധനസഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്തു. മൂന്നു വിഭാഗങ്ങളിലായി മൂന്നുലക്ഷത്തിപതിനായിരം രൂപയുടെ ചെക്ക് കൈമാറി. മരിച്ച 12 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും കുടുംബങ്ങൾക്കുമായി പതിനയ്യായിരം രൂപവീതം ആകെ 1,80,000 രൂപയും മത്സ്യത്തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹ ധനസഹായമായി ഏഴുപേർക്ക് പതിനായിരം രൂപവീതം മൊത്തം എഴുപതിനായിരം രൂപയും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കുള്ള മരണാനന്തര ധനസഹായമായി ആറുപേർക്ക് പതിനായിരം രൂപവീതം ആകെ അറുപതിനായിരം രൂപയുമാണ് നൽകിയത്.
സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളിക്ഷേമം ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച നിരവധിയായ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നിശ്ചിത വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്‌ച വരുത്തരുതെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (fims) എന്ന നിശ്ചിത വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും എം എൽ എ പറഞ്ഞു.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ എൻ ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് കെ എഫ് വിൽസൺ , ഫിഷറീസ് ഓഫീസർ പ്രബിത എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ രാധിക സതീഷ്, സി എച്ച് അലി, ബിന്ദു തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ ക്യാപ്‌ഷൻ
പള്ളിപ്പുറം മത്സ്യഗ്രാമത്തിൽ മത്സ്യത്തൊഴിലാളികളുടെ ധനസഹായ വിതരണം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിക്കുന്നു.