തൃശ്ശൂർ: ജില്ലയിലെ പൊതുജനാരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി പന്ത്രണ്ട് സബ് സെന്ററുകളെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തി. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെയും പുതുക്കാട് ഇ ഹെൽത്ത് പരിപാടിയുടേയും സ്ത്രീകൾക്കായുള്ള സി എഫ് എൽ ടി സി, സി എസ് എൽ ടി സി ഡ്രൈ പോർട്ട് മതിലകത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

പൊതുജനരോഗ്യ രംഗത്ത് സമഗ്ര പുരോഗതി കൊണ്ടുവരുന്ന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തു വന്ന് ചേർന്ന പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ നമുക്ക് നേരിടാൻ സാധിച്ചു. ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതായിരുന്നു. മികച്ച ഡോക്ടർമാരുടെ സേവനം, മികച്ച ഒ പി സൗകര്യം, പരിശോധന സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഇതിലൂടെ ഉറപ്പ് വരുത്താൻ കഴിഞ്ഞു. അധികം ചെലവ് ഇല്ലാതെ ജനങ്ങക്കായി ഏറ്റവും നല്ല പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അന്നനാട്, പൂവ്വൻചിറ, ശാന്തിപുരം, ചൂലൂർ, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, ആതൂർ, പേരാമംഗലം, മേലൂർ എന്നി സബ് സെന്ററുകളാണ് കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളായി ഉയർത്തിയത്.സബ് സെന്ററുകളിൽ നിന്ന് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുമ്പോൾ രോഗികൾക്കായി കാത്തിരിപ്പ് കേന്ദ്രം, ഹെൽത്ത്‌ ആന്റ് വെൽനെസ് ക്ലിനിക്‌, ഓഫീസ് മുറി, കോപ്പർ ടി ഇടുന്നതിനുള്ള മുറി, മുലയൂട്ടുന്നതിനായി പ്രത്യേക മുറി, പ്രതിരോധ കുത്തിവെപ്പിനുള്ള മുറി, മിഡ്‌ ലെവൽ സർവീസ് പ്രൊവൈഡറുടെ സേവനം, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം, രോഗികൾക്കുള്ള ശുചിമുറി തുടങ്ങിയ സൗകര്യങ്ങങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്.

മാതൃ ശിശു സംരക്ഷണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവിത ശൈലി രോഗ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങളാണ് സബ് സെന്ററുകളിൽ ഉണ്ടായിരുന്നത്.ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ, എൻ എച് എം മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ, വിവിധ പഞ്ചായത്ത്‌ ബ്ലോക്ക് തല ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.