പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങൾക്ക് വിവിധ സാധ്യതകൾക്ക് അനുസരിച്ച് പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഹൗസ് സർജൻസി വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി യോഗം ചേരും. മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് ആവശ്യമായ പരിശീലന സൗകര്യങ്ങള് സൃഷ്ടിക്കണം. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായതിന് ശേഷം മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് പരിശീലന സൗകര്യം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതിന്റെ പ്രായോഗിക വശങ്ങൾ സംബന്ധിച്ച് മെഡിക്കല് വിഭാഗം, ആരോഗ്യമന്ത്രി എന്നിവരുമായി ചര്ച്ച നടത്തും. കോവിഡ് മൂന്നാം തരംഗം മുന്നില്ക്കണ്ട് മറ്റ് ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റാനാകുമോയെന്നും പരിശോധിക്കും.
മെഡിക്കല് കോളേജില് ശമ്പളപരിഷ്‌കരണമുള്പ്പെടെ സാമ്പത്തികമായി പൂര്ത്തിയാക്കേണ്ട പ്രവൃത്തികള് സര്ക്കാരിന്റെ സാധ്യതയ്ക്കനുസരിച്ച് നടപ്പാക്കും. മെഡിക്കൽ കോളെജിന് 10 കോടി രൂപ അടിയന്തിരമായി നല്കണമെന്ന് ധനകാര്യ മന്ത്രിയുമായുള്ള ചര്ച്ചയില് ധാരണയായിട്ടുണ്ട്. മെഡിക്കല് കോളേജിന്റെ വികസന പ്രവര്ത്തനങ്ങള്ക്കായി കൂടുതല് തുക വകയിരുത്തുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുകളിലെ പ്രാരംഭ ഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ പാലക്കാട് ഗവ. മെഡിക്കൽ കോളേജിന്റെ വളർച്ച ഏറെ മുന്നിലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായി മെഡിക്കൽ കോളേജിനെ വളർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.