കല്‍പ്പറ്റ: വായനാവാരത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത് വേറിട്ട കാഴ്ചകള്‍. വായനാ മരം, പുസ്തകവണ്ടി കൂടാതെ പുസ്തക – ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവയൊരുക്കിയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വായനാദിനത്തെ വരവേറ്റത്. സ്‌കൂള്‍ അങ്കണത്തിന്റെ നടുവിലായി ഒരുക്കിയ വായനാമരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കടലാസ് മുറിച്ചെടുത്ത് ഉണ്ടാക്കിയ ഇലകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വാക്കുകളും അക്ഷരങ്ങളും പിന്നെ പ്രശസ്തരായവരുടെ പേരുകളും മാത്രം. ഇലകള്‍ തന്നെ പല നിറത്തില്‍. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത മരത്തിന്റെ തടി നിര്‍മ്മിച്ചത് പ്ലെവുഡും പട്ടിക കഷ്ണങ്ങളും പത്രകടലാസും കൊണ്ടാണെന്നറിയുമ്പോള്‍ കാഴ്ച്ചക്കാരെന്റെ കൗതുകം വിട്ടുമാറില്ല. ഒറ്റ രാത്രി കൊണ്ടാണ് വായനാമരം നിര്‍മ്മിച്ചതെന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം കൊടുത്ത ഡ്രോയിംഗ് അദ്ധ്യാപകന്‍ ശ്രീവത്സന്‍ പറഞ്ഞു. അടുത്ത ഒരാഴ്ച്ചക്കാലം വായനാമരം സ്‌കൂള്‍ അങ്കണത്തിലുണ്ടാവും. ഒരോ ദിവസവും മരത്തിന് ചില മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ധ്യാപകര്‍ പറഞ്ഞു.
സഞ്ചരിക്കുന്ന പുസ്തകവണ്ടിയും ഈ വായനാദിനത്തില്‍ വിത്യസ്തമായി. ഒരാള്‍ക്ക് തള്ളികൊണ്ടു പോകാന്‍ വിധത്തിലാണ് വിദ്യാര്‍ത്ഥികള്‍ വണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നിറങ്ങളും പൂക്കളും കൊണ്ട് അലങ്കരിച്ച പുസ്തകവണ്ടിയും വായനാദിന സന്ദേശം വിളിച്ചോതി. ഒപ്പം പുസ്തക, ചിത്രപ്രദര്‍ശനങ്ങളും ഈ വര്‍ഷത്തെ ജില്ലാതല വായനാ വാരാഘോഷത്തിന്റെ തുടക്കം ഗംഭീരമാക്കി.