ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

കല്‍പ്പറ്റ: വായനാവാരം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍ ഉദ്ഘാടനം ചെയ്തു. പത്രവായനയില്‍ മലയാളികള്‍ ഏറെ മുന്നിലെന്ന റിപോര്‍ട്ടുകള്‍ വായന മരിക്കില്ലെന്നതിന്റെ സൂചനയാണെന്നും
നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍
അതീവ ശ്രദ്ധ വേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.ലക്ഷ്മണന്‍ കുട്ടികള്‍ക്ക് വായനാ സന്ദേശം നല്‍കി സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ വായനാ മരത്തിന്റെ ഉദ്ഘാടനം യുവകവി സാദിര്‍ തലപ്പുഴ നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌കൂള്‍ ലീഡര്‍ പി.ആര്‍. ശരണ്യ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എം. രാഘവനും പുസ്തക പ്രദര്‍ശനം സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബുവും നിര്‍വഹിച്ചു. ചടങ്ങില്‍ സാദിര്‍ തലപ്പുഴ കവിതകള്‍ ആലപിച്ചു. നന്മയുടെ പൂക്കാലങ്ങള്‍ പുസ്തകവായനയിലൂടെ ലഭിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദര്‍ സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ വേടക്കണ്ടി വിജയന്‍, എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ ഒ.പ്രമോദ്, വിദ്യാരംഗം മുന്‍ കോര്‍ഡിനേറ്റര്‍ വി.ദിനേശ് കുമാര്‍, കണിയാമ്പറ്റ മോഡല്‍ റസിഡന്‍സി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു.