പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ ”സ്വാതന്ത്ര്യം തന്നെ അമൃതം” കവി സംഗമം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന കവി സംഗമം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ‘ഗോവ ‘ എന്ന തന്റെ കവിതയിലെ വരികള്‍ ചൊല്ലി ഉദ്ഘാടനം ചെയ്തു.
മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് അധ്യക്ഷത വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മൂലൂര്‍ സ്മാരക എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ പിങ്കി ശ്രീധര്‍ സ്വാഗതം പറഞ്ഞു.
കവി സംഗമത്തില്‍ പങ്കെടുത്ത രചയിതാക്കള്‍ തങ്ങളുടെ സര്‍ഗസൃഷ്ടികള്‍ അവതരിപ്പിച്ചു. പി.എന്‍. ഗോപികൃഷ്ണന്‍, മൂലൂര്‍ അവാര്‍ഡ് ജേതാവ് ദിവാകരന്‍ വിഷ്ണുമംഗലത്ത്, നവാഗത കവികള്‍ക്കുള്ള മൂലൂര്‍ അവാര്‍ഡ് ജേതാക്കളായ വള്ളിക്കോട് രമേശന്‍, രമേശ് അങ്ങാടിക്കല്‍, മോഹന്‍കുമാര്‍ വള്ളിക്കോട് എന്നിവരും തെങ്ങമം ഗോപകുമാര്‍, ഡോ. പി.എന്‍. രാജേഷ് കുമാര്‍, ഡോ. കെ.ജെ. സുരേഷ്, ഡോ.നിബുലാല്‍ വെട്ടൂര്‍, സുഗത പ്രമോദ്, കെ. രശ്മി മോള്‍, സുരേഷ് ഗംഗാധരന്‍, പീതാംബരന്‍ പരുമല, എം.കെ. കുട്ടപ്പന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് കാലം മാറിയ ശേഷം മൂലൂര്‍ സ്മാരകത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഒന്നിലധികം കവി സദസുകളില്‍ പങ്കെടുക്കാമെന്ന പ്രത്യാശയും പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.