സാമൂഹ്യ നീതി വകുപ്പ്‌ സംഘടിപ്പിച്ച ഒരുമാസത്തെ ലഹരിവിമുക്ത തീവ്രയജ്ഞം സമാപിച്ചു

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും എല്ലാ
വകുപ്പുകളുടെയും ഏകോപനം ഇതിനായി സാധ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌ പറഞ്ഞു. സാമൂഹ്യ നീതി ഓഫീസ്‌ സംഘടിപ്പിച്ച“കൈകോർക്കാം ലഹരിക്കെതിരെ, ലഹരി വിമുക്ത എറണാകുളം” എന്ന ഒരുമാസത്തെ പ്രചാരണ പരുപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസ്‌ നടപ്പിലാക്കുന്ന നശാ മുക്ത്‌ ഭാരത്‌ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജൂൺ 26 മുതൽ ജൂലൈ 26 വരെ ആയിരുന്നു തീവ്രയജ്ഞ പരിപാടി . ജില്ലാ കളക്ടർ ജാഫർ മാലിക്‌ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിനായി വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു.

ഒരു മാസം നീണ്ടുനിന്ന ലഹരി വിമുക്ത തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി 11 അംഗ ജില്ലാതല സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് . നശാ മുക്ത്‌ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുവാൻ 100 വളണ്ടിയർമാരെ പരിശീലിപ്പിച്ചു 258 ബോധവൽക്കരണ ക്ലാസുകൾ നടത്തി. ദേശീയ വെബിനാർ, വ്യത്യസ്തത തനത്‌ കലാരൂപങ്ങളിലൂടെ ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച്‌
പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രരചന, പ്രസംഗം, ട്രോൾ മേക്കിങ്‌, നവമാധ്യമ പ്രചാരണം, തീം ഡാൻസ്‌ അവതരണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു . ബ്ലോക്ക്‌, മുൻസിപ്പൽ, കോർപ്പറേഷൻ തലങ്ങളിൽ കമ്മറ്റികൾ രൂപീകരിച്ചു. ലഹരി
ഉപയോഗത്തിന്റെ ഹോട്ടസ്‌പോട്ടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തു. പോലീസ്‌,എക്സൈസ്‌, ജില്ലാ നിയമ സേവന അതോരിറ്റി, തദ്ദേശസ്വയം ഭരണ വകുപ്പ്‌, കുടുംബശ്രീ , ആരോഗ്യ വകുപ്പ്‌, നെഹ്റു-യുവ കേന്ദ്ര, പട്ടിക-വികസന വകുപ്പ്‌, വനിതാ ശിശു വികസനവകുപ്പ്‌, ഗ്രന്ഥശാലാസംഘം, വയോമിത്രം, ചൈൽഡ്‌ ലൈൻ, കാവൽ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചാണ് വിവിധ പ്രോഗ്രാമുകൾ നടപ്പിലാക്കിയത്.

പ്രസംഗ മത്സരത്തിൽ 15 വയസ്സ് വരെയുള്ള വിഭാഗത്തിൽ ഫാത്തിമ ഇല്യാസ് ഒന്നാം സ്ഥാനവും എൽസ വിൻസെന്റ് രണ്ടാം സ്ഥാനവും ആമിന പി.എ. മൂന്നാം സ്ഥാനവും നേടി. 16 മുതൽ 25 വയസ് വരെയുള്ള വിഭാഗത്തിൽ നവീൻ ബിജു ഒന്നാം സ്ഥാനവും അന്ന ഷിജു രണ്ടാം സ്ഥാനവും സെലിൻ മേരി ജോസഫ് മൂന്നാം സ്ഥാനവും നേടി. 26 വയസ്സ് മുതലുള്ള വിഭാഗത്തിൽ റോയി വി എബ്രഹാം , ഷാർമിൻ ജോസ് വൈ, ജോസ്മി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്ര രചന മത്സരത്തിൽ 15 വയസ്സ് വരെയുള്ള വിഭാഗത്തിൽ ഷെറിൻ കുമാർ ഒന്നാം സ്ഥാനവും ലാൽ കൃഷ്ണ രണ്ടാം സ്ഥാനവും ദേവിക ഷാജി . മൂന്നാം സ്ഥാനവും നേടി. 16 മുതൽ 25 വയസ് വരെയുള്ള വിഭാഗത്തിൽ മറിയ ജ്യോതിസ് ഒന്നാം സ്ഥാനവും ഫൗസാൻ മുഹമ്മദ് രണ്ടാം സ്ഥാനവും അൽതാഫ് രാജ മൂന്നാം സ്ഥാനവും നേടി. 26 വയസ്സ് മുതലുള്ള വിഭാഗത്തിൽ ശ്രീജ ലെനീഷ് , രശ്മി എസ് ശങ്കരൻകുട്ടി , സൗമ്യ ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ട്രോൾ മത്സരത്തിൽ മേഘ എൽസ ബിജു , അൻവർ പി ഇബ്രാഹിം , ബോണി ജോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തീം ഡാൻസ് മത്സരത്തിൽ അശ്വതി പ്രദീപ്, സംഗീത, എൽസ വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഓൺലൈനായി നടന്ന ചടങ്ങിൽ ജില്ലാ നിയമസേവന അതോരിറ്റി സെക്രറ്ററി പി എം സുരേഷ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി
ഓഫീസർ കെ കെ സുബൈർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ്‌ കമ്മീഷണർ ജി. സുരേഷ്‌ കുമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്‌ രഞ്ജിനി, വയോമിത്രം ജില്ലാ കോ-ഓർഡിനേറ്റർ എബി എബ്രഹാം, നശാ മുക്ത്‌ ഭാരത്‌ അഭിയാൻ ജില്ലാ കോർഡിനേറ്റർമാരായ ഫ്രാൻസിസ്‌ മൂത്തേടൻ, ഡോ കെ ആർ അനീഷ്‌ , ജില്ലാ സാമൂഹ്യ നീതി ഓഫീസ്‌ സൂപ്രണ്ട് സ്മിതാ പി. എസ് തുടങ്ങിയവർ പങ്കെടുത്തു.