പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷ ഈ മാസം 26 മുതല്‍ 31 വരെ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയില്‍ ആകെ 1748 പേര്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി പരീക്ഷ എഴുതും. ഇവരില്‍ 918 പുരുഷന്‍മാരും 830 സ്ത്രീകളുമാണ്. 329 എസ് സി വിഭാഗക്കാരും 5 എസ് ടി വിഭാഗക്കാരും ഇവരില്‍ ഉള്‍പെടും.

ഒന്നാം വര്‍ഷം 816 പേരും രണ്ടാം വര്‍ഷം 932 പേരുമാണ് പരീക്ഷ എഴുതുന്നത്. 2020 ജൂലൈ മാസം മുതല്‍ ഡിസംബര്‍ വരെയും 2021 മെയ് മുതല്‍ പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഓഫ്‌ലൈനായും ക്ലാസുകള്‍ നടത്തിവരുന്നു. പരീക്ഷ നേരത്തെ മെയ് മാസത്തില്‍ നിശ്ചയിച്ചുവെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു.സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരീക്ഷ എഴുതുന്നു.ജില്ലയില്‍ ചാലക്കുടി ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 99 പേര്‍. ചാവക്കാട് ജി.ബി.എച്ച്.എസ്.എസ്സിലാണ് കുറവ് പേര്‍ പരീക്ഷ എഴുതുന്നത് -25 പേര്‍.