എറണാകുളം: കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പിക്കാൻ ജില്ലയിൽ സെക്ടറൽ മജിസ്ട്രേറ്റുമാർ വീണ്ടും നിരീക്ഷണത്തിനിറങ്ങി. 24 മണിക്കൂറും മജിസ്രറ്റുമാരുടെ പരിശോധനകൾ ജില്ലയിലുണ്ടാകും. കോവിഡ് മാന ദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഉടൻ നടപടി സ്വീകരിക്കുന്ന അധികാരങ്ങളോടെയാണ് മജിസ്ട്രേറ്റുമാരുടെ വരവ്.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിച്ചത്. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കും. താലൂക്ക് അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥരുടെ പ്രവർത്തനം. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയിൽ ധരിക്കുക , സാനിറ്റൈസ ർ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധിക്കും.
അതോടൊപ്പം ക്വാറൻ്റീനിൽ കഴിയുന്നവരുടെ നിരീക്ഷണവുമുണ്ടാകും. ആളുകൾ കൂട്ടം കൂടുന്ന ഇടങ്ങളിലെല്ലാം പരിശോധന കർശനമാക്കും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലെയും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കായി സാനിറ്റൈസ ർ കരുതുന്നതും നിരീക്ഷിക്കും. മരണം, വിവാഹം, ഉത്സവങ്ങൾ ,ആഘോഷങ്ങൾ തുടങ്ങിയവ നടക്കുന്ന സ്ഥാപനങ്ങളും നിരീക്ഷിക്കും. റയിൽവേ സ്‌റ്റേഷനുകളിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കലും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതലയിൽ വരും. വൈകുന്നേരങ്ങളിലും, അവധി ദിവസങ്ങളിലും പരിശോധന കർശനമാക്കും.
ജില്ലയിലെ ഏഴ് താലൂക്കുകൾക്കു കീഴിൽ 107 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. ആലുവ താലൂക്കിൽ 15, കണയന്നൂരിൽ 23, കൊച്ചി-15, കോതമംഗലം -10, കുന്നത്തുനാട്-15 ,മുവാറ്റുപുഴ – 14, പറവൂർ – 15 എന്നിങ്ങനെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്. ജില്ലാ സർവൈലൻസ് ഓഫീസർ നൽകുന്ന പട്ടിക അനുസരിച്ച് കോവിഡ് വ്യാപനം കൂടിയ മേഖലകളിൽ പരിശോധന നിർബന്ധമാക്കും.
ഓരോ പോലീസ് ഓഫീസറുടെ അകമ്പടിയും സെക്ടറൽ മജിസ്ട്രേറ്റുമാർക്കുണ്ടാകും. ഓരോ സെക്ടറൽ മജിസ്ട്രേറ്റുമാരും തങ്ങളുടെ പ്രവർത്തനത്തിൻ്റെ റിപ്പോർട്ട് കോവിഡ് – 19 ജാഗ്രതാ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ വിശകലന യോഗങ്ങളും നടക്കും. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദാ ദേവിയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.