കാർഷിക മൂല്യവർധിത സംരംഭക പരിശീലനം ഒന്നാം ഘട്ടം പൂർത്തിയായി

കേന്ദ്രസർക്കാരുമായി ചേർന്നുള്ള ഒരു ജില്ല, ഒരു ഉൽപ്പന്നം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 108 സ്ഥാപനങ്ങൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായി നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ഉൽപ്പന്നങ്ങൾ നിശ്ചയിച്ച് അപേക്ഷകൾ ക്ഷണിച്ചാണ് സ്ഥാപനങ്ങൾ തുടങ്ങുക. ഇതിന് നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നൂറുദിനപരിപാടിയുടെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന കാർഷിക മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സംരഭകത്വത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള അറൈസ് പദ്ധതിയുടെ കാസർകോട് ജില്ലാതല പരിശീലനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനവ് കർഷകരുടെ വരുമാന വർധനവിന് സഹായകരമായതിനാൽ ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് മുൻഗണന നൽകുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം മൂല്യവർധനവിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷികാധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. ലക്ഷ്യമിട്ടതിന്റെ ഇരട്ടി പേർക്ക് ഇതിനകം പരിശീലനം നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ടെക്നിക്കൽ സെഷനുകളിൽ കുഫോസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിലാഷ് ശശിധരൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. നിഷ, കേരള ഇൻസ്റ്റിറ്റി്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്മെന്റ് സി.ഇ.ഒ. ശരത് വി. രാജ്, ജില്ലയിലെ സംരംഭകനായ രഘു ബി. നാരായണൻ എന്നിവർ സംസാരിച്ചു. ഓൺലൈനായി നടന്ന പരിശീലനത്തിൽ 232 പേർ പങ്കെടുത്തു. കേരള ഇൻസ്റ്റിറ്റി്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്മെന്റ് സി.ഇ.ഒ. ശരത് വി. രാജ് സ്വാഗതവും ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ സജിത്കുമാർ നന്ദിയും പറഞ്ഞു. 14 ജില്ലകളിലും ആദ്യഘട്ട പരിശീലനം പൂർത്തിയായപ്പോൾ 1442 പേരാണ് പദ്ധതിയുടെ ഭാഗമായത്.
.