ലിംഗ സമത്വത്തിന് പ്രാധാന്യം നല്‍കുന്ന പൊതുസമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാനവ്യാപകമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘കനല്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്ത 181 മിത്ര പോസ്റ്റര്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേമന്‍ മനോജ് ശങ്കറിന് നല്‍കി പ്രകാശനം ചെയ്തു.

സ്തീ സുരക്ഷയ്ക്കായി നിലവിലെ സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഗാര്‍ഹിക/സ്ത്രീപീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് അവയെ ചെറുക്കുന്നതിന് ശാക്തീകരിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, നിയമസഹായം, കൗണ്‍സലിംഗ് എന്നിവ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കനല്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

മഹിളാ ശക്തി കേന്ദ്ര വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ ആര്യ ദിലീപ്, ജില്ല കോര്‍ഡിനേറ്റര്‍മാരായ അമൃത മുരളി, വര്‍ഷ കെ. എന്നിവര്‍ പങ്കെടുത്തു.