———————–
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

വാക്സിനേഷന്‍, ബുക്കിംഗ് ആരംഭിക്കുന്ന സമയം, സ്പോട്ട് രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് സ്പോട്ട് രജിസ്ട്രേഷനുവേണ്ടി ആളുകള്‍ എത്തുന്നത് പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കിനു കാരണമാകുകയും ആരോഗ്യവകുപ്പ് ജീവനക്കാരുടെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.

വാക്സിനേഷന്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ജില്ലാ കളക്ടറുടെയും(www.facebook.com/collectorkottayam) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും(www.facebook.com/diokottayam) ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്യുകയും മാധ്യമങ്ങള്‍ മുഖേന അറിയിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

വ്യാജ സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.