കണ്ണൂർ: വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനദാനം നിര്‍വഹിച്ചു. കുട്ടികള്‍ വീടുകളില്‍ തളച്ചിടപ്പെട്ട കൊവിഡ് കാലത്ത് ഇത്തരം മല്‍സരങ്ങള്‍ വലിയ ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. മത്സരങ്ങളില്‍ വിജയിക്കുക എന്നത് മാത്രമല്ല മത്സരങ്ങളില്‍ പങ്കെടുക്കുല്‍ തന്നെ ഒരു മല്‍സരമായി കാണണം.

കഴിയുന്നത്ര ഓണ്‍ലൈന്‍ മത്സരങ്ങളുടെ ഭാഗമാവാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ലോക്ഡൗണില്‍ ഏറെ പുസ്തകങ്ങള്‍ വായിക്കാനും ഓണ്‍ലൈന്‍ സംവാദങ്ങളിലേര്‍പ്പെടാനും കുട്ടികള്‍ക്ക് സാധിച്ചതായും അവര്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് കഴിയണം. വായനാവാരത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ ഇടപെടല്‍ ഏറെ പ്രയോജനകരമാണെന്നും അവര്‍ പറഞ്ഞു.
പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസി. എഡിറ്റര്‍ സി പി അബ്ദുള്‍ കരീം എന്നിവര്‍ സംസാരിച്ചു.