കാസർഗോഡ്: വനിതാ ശിശു വികസനവകുപ്പ് ഐസിഡിഎസ് തലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്ന ‘അംബ്രല്ല’ സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പദ്ധതി തണലാവുന്നു. പ്രതിസന്ധികളും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്ന ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍, യുവജനങ്ങള്‍, രക്ഷിതാക്കള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കെല്ലാം മാനസിക പിന്തുണ നല്‍കി പ്രശ്നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള വഴി കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

കാസര്‍കോട് ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളും സൈക്കോസോഷ്യല്‍ സപ്പോര്‍ട്ടിനായി ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ജില്ലയില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കൗണ്‍സിലിംഗ് ലഭിക്കുന്നത് ഗവ. സ്‌കൂളുകളിലെയും അംഗനവാടികളിലെ അഡോളസന്റ് ക്ലബുകളിലെയും കുട്ടികള്‍ക്ക് മാത്രമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും സ്വകാര്യ കോളജുകളിലെയും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികളിലേക്കും സൈക്കോ സോഷ്യല്‍ സേവനം എത്തിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

സ്ത്രീധന പീഡനങ്ങളും കുടുംബ അസ്വാരസ്യങ്ങളും കുട്ടികളുടെ സുരക്ഷിതത്വമില്ലായ്മയും ആരംഭ ഘട്ടത്തിലേ കണ്ടെത്താനും മാറ്റങ്ങള്‍ വരുത്താനും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും.
മദ്യപാനം മൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, അസ്വാരസ്യങ്ങള്‍, കുട്ടികളുടെ വിവിധ പ്രശ്നങ്ങള്‍, രക്ഷിതാക്കളുടെ പ്രശ്നങ്ങള്‍, വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ഇവയ്ക്കെല്ലാം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മെച്ചപ്പെട്ട പരിഹാരം ഒരുക്കുകയാണ് ലക്ഷ്യം. കൂടാതെ ബോധവത്കരണ ക്ലാസുകള്‍, ക്യാപെയിനുകള്‍ എന്നിവയിലൂടെ ജീവിത വിജയം നേടാനുള്ള സാഹചര്യത്തിലേക്ക് എത്തിക്കാനും ലക്ഷ്യം വയ്ക്കുന്നു. കോവിഡാനനന്തര അരക്ഷിതാവസ്ഥ മുന്നില്‍ കണ്ടു കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

പദ്ധതി പ്രവര്‍ത്തനം ഇങ്ങനെ

ആദ്യ പടിയായി ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാര പ്രായക്കാര്‍, യുവജനങ്ങള്‍, രക്ഷിതാക്കള്‍, വയോജനങ്ങള്‍ തുടങ്ങിയ ഗുണഭോക്താക്കളില്‍ മാനസിക സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്നവരെയും കോവിഡ് മൂലം വൈകാരിക മാനസിക സമ്മര്‍ദ്ദത്തിലുള്ളവരെയും കണ്ടെത്തും. പിന്നീട് ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കി ജീവിത നിലവാരം ഉയര്‍ത്തും. സാമൂഹിക പിന്തുണയ്ക്കായി ആവശ്യാനുസൃതം റഫറല്‍ സംവിധാനം ഉപയോഗപ്പെടുത്തും. മെഡിക്കല്‍ സര്‍വീസ്, പോലീസിന്റെ സേവനം, ലീഗല്‍ സര്‍വീസ്, പുനരധിവാസം, ക്ഷേമകാര്യം എന്നീ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തും.

പഠന പിന്നോക്കമായ വിദ്യാര്‍ഥികളെ കണ്ടെത്തി അവശ്യ സേവനം ഉറപ്പു വരുത്തും. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബോധവത്കരണം നടത്തും. ഭക്ഷണം, മരുന്ന് എന്നീ അവശ്യ സേവനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ലഭ്യമാക്കും. പുനരധിവാസം ആവശ്യമായവര്‍ക്ക് അതിനായി ക്രമീകരണങ്ങള്‍ ഒരുക്കും. ഉപജീവനത്തിനായി സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കും.

ഒറ്റപ്പെടല്‍, കുടുംബ പ്രശ്നം, മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് അവശ്യ സേവനം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ മാനസിക പ്രശ്നങ്ങളെ കണ്ടെത്തി പരിചരണം നല്‍കുന്നു. തുടര്‍ന്ന്, ആവശ്യാനുസൃതം ആരോഗ്യം, പോലീസ്, വിദ്യാഭ്യാസം, തദ്ദേശം, ക്ഷേമകാര്യം എന്നീ വകുപ്പുകള്‍ മുഖേന പ്രശ്ന പരിഹാരത്തിനായി സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു. തീവ്ര വൈകാരിക മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ധരുടെ സേവനത്തിനായി കൃത്യമായ റഫറല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നു.

പദ്ധതി നടത്തിപ്പിന് പഞ്ചായത്ത് തലം മുതല്‍ സമിതികള്‍

പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേര്‍സണായും, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കണ്‍വീനറായും, പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് കണ്‍വീനറായുമുള്ള സമിതി പദ്ധതിക്കായി പ്രവര്‍ത്തിക്കും. ഈ സമിതി മാസത്തില്‍ ഒരിക്കല്‍ യോഗം കൂടി പ്രവര്‍ത്തനം വിലയിരുത്തും. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സനായും ഐ.സി.ഡി.എസ് സി.ഡി.പി.ഒമാര്‍ കണ്‍വീനര്‍മാരായും സമിതി മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ജില്ലാ പഞ്ചായത്ത് തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സനായും ജില്ലാ കളക്ടര്‍ വൈസ് ചെയര്‍പേഴ്‌സനായും ജില്ലാ വനിതാ-ശിശു വികസന ഓഫിസര്‍ കണ്‍വീനറായും ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജോയിന്റ് കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന സമിതി മാസത്തില്‍ ഒരിക്കല്‍ യോഗം കൂടി പ്രവര്‍ത്തനം വിലയിരുത്തും. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന ആപ്ത വാക്യവുമായി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൊതു സമൂഹത്തിന് പിന്‍ബലമേവുകയാണ് അമ്പ്രല്ല സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് പദ്ധതിയെന്ന് വനിതാ ശിശുവികസനവകുപ്പ് ജില്ലാ ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.