വാക്സിന്‍ സ്ലോട്ട് ഇനി 50 ശതമാനം ഓണ്‍ലൈന്‍, 50 ശതമാനം ഓഫ്‌ലൈന്‍
പത്തനംതിട്ട: ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പിഎച്ച്സികള്‍, സിഎച്ച്സികള്‍, എഫ്എച്ച്സികള്‍, അര്‍ബന്‍ പിഎച്ച്സികള്‍ എന്നീ കേന്ദ്രങ്ങള്‍ക്ക് ആനുപാതികമായി ഓരോ കേന്ദ്രത്തിനും ഒരു ഔട്ട് റീച്ച് സെന്റര്‍ കൂടി ആരംഭിക്കും. പിഎച്ച്സികളില്‍ എത്ര വാക്സിനേഷന്‍ സ്ലോട്ടുകള്‍ കൊടുക്കുന്നോ അത്ര തന്നെ സ്ലോട്ടുകള്‍ ഔട്ട് റീച്ച് സെന്ററുകളിലും നല്‍കണം.
വാക്സിനേഷന്‍ സ്ലോട്ടുകള്‍ 50 ശതമാനം ഓണ്‍ലൈനായി നല്‍കും. 50 ശതമാനം ആളുകളെ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച് വാക്‌സിന്‍ നല്‍കും. പ്രവാസികള്‍ക്കായും പ്രത്യേക കേന്ദ്രം ഉണ്ടായിരിക്കും. ഔട്ട് റീച്ച് സെന്ററുകളില്‍ വേണ്ട സൗകര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍, സ്ലോട്ട് വിവരങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങളില്‍ കൃത്യസമയത്ത് എത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണം പോലീസ് ഒരുക്കണമെന്നും നഗരസഭകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ക്രമീകരണം ഒരുക്കണമെന്നും കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
പൊതുജനങ്ങളില്‍ കൃത്യസമയത്ത് വിവരങ്ങള്‍ എത്തിക്കാന്‍ പഞ്ചായത്തുക്കളും ഹെല്‍ത്തും തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നഗരസഭകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.