എറണാകുളം: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണിത്. മാർക്കറ്റിലുള്ള വ്യാപാരികളെയും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളെയും വാക്സിനേറ്റ് ചെയ്യും. ഇവർക്കായി കോ വിഡ് പരിശോധനയും നടത്തും. നാല് മൊബൈൽ ടെസ്റ്റിംഗ് ടീമുകൾ കൊച്ചി കോർപ്പറേഷനിലെ വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ മുതലായവരെ വ്യാഴാഴ്ച മുതൽ പരിശോധന നടത്തും.

ദ്രുത കർമ്മ സേനയുടെ പ്രവർത്തനം ശക്തമാക്കും. നിലവിൽ വ്യാപനം കൂടുതലുള്ള വാർഡുകളിൽ മാത്രമാണ് ആർ ആർ ടി സജീവമായി പ്രവർത്തിക്കുന്നത്. ഇതിനു പകരം തദ്ദേശ സ്ഥാപനങ്ങളിൽ മുഴുവൻ ആർ ആർ ടി പ്രവർത്തനം ശക്തമാക്കാൻ കളക്ടർ നിർദ്ദേശിച്ചു.

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ നിർ ബന്ധമായും 72 മണിക്കൂറിനുള്ളിൽ എടുത്ത കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണം. അല്ലാത്തവർ നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് റെയിൽവേ ഇക്കാര്യം ഉറപ്പാക്കാനും കളക്ടർ നിർദേശിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിച്ചാൽ അവ അടച്ചിടുമെന്ന് കളക്ടർ അറിയിച്ചു.

ജില്ലയിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 400 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെ കൂടുതലായി പരിശോധിക്കുന്ന രീതിയാകും ജില്ലയിൽ പിന്തുടരുക. 34000 പരിശോധനകൾ ദിവസവും നടത്താനാണ് ലക്ഷ്യമിടുന്നത്.

രോഗം സ്ഥിരീകരിക്കുന്നവരെ ഡിസിസികളിലേക്ക് മാറ്റാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തുകളിൽ കൂടുതൽ ഔട്ട് റീച്ച് കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കളക്ടർ നിർദേശിച്ചു. മാറാടി, ചെല്ലാനം, പഞ്ചായത്തുകൾ 45 വയസിനു മുകളിലുള്ള എല്ലാവരെയും വാക്സിനേറ്റ് ചെയ്തു.

കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, റൂറൽ എസ്.പി. കെ. കാർത്തിക് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി എസ് ഒ ഡോ. എസ്. ശ്രീദേവി, ഡി പി എം ഡോ. മാത്യൂസ് നമ്പേലിൽ, റെയിൽവേ സ്റ്റേഷൻ മാനേജർമാരായ കെ. പി.ബി പണിക്കർ, ജെ. അജയ് രാജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വൃന്ദ മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു.