കൊല്ലം: എന്‍ജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സാമൂഹ്യസുരക്ഷാനിധി (സി.എസ്.ആര്‍ ഫണ്ട്) ജില്ലയിലെ ഭിന്നശേഷിക്കാരായവര്‍ക്ക് കൈത്താങ്ങായി. 35.77 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 303 പേര്‍ക്കായി വിതരണം ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (അലിംകോ) ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
അസ്ഥി-ശ്രവണ-കാഴ്ച-ബുദ്ധിപരവൈകല്യം, സെറിബ്രല്‍ പല്‍സി തുടങ്ങിയവ ബാധിച്ചവര്‍ക്കുള്ള മുച്ചക്ര സൈക്കിളുകള്‍, വീല്‍ചെയറുകള്‍, ക്രച്ചസ്, വാക്കിംഗ് സ്റ്റിക്കുകള്‍, ഡിജിറ്റല്‍ ശ്രവണ സഹായി, ബ്രെയിലി കെയിന്‍ കിറ്റ്, സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് കെയിന്‍, എം.എസ്.ഐ.ഇ.ഡി കിറ്റ്, എ.ഡി.എല്‍ കിറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കി.
തേവള്ളി രാമവര്‍മ്മ ക്ലബ്ബില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം, കൗണ്‍സിലര്‍ ബി. ശൈലജ, അലിംകോ ഡെപ്യുട്ടി മാനേജര്‍ അശോക് കുമാര്‍ പാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
