*അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റർ ആരംഭിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തിനു മാത്രമല്ല, മനസ്സിനും ഗുണകരമായ വ്യായാമമുറയാണ് യോഗ. യോഗയുടെ ഔന്നത്യം മറ്റൊരു വ്യായാമത്തിനുമില്ല. എന്നാൽ അനാവശ്യമായ മതപരിവേഷങ്ങൾ ചാർത്തിക്കൊടുത്ത് യോഗയെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ട്. യോഗ ചെയ്യുമ്പോൾ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങൾ ചൊല്ലണമെന്നൊക്കെയാണ് ചിലരുടെ വാദം. എന്നാൽ ചരിത്രം രേഖപ്പെടുത്തുന്നത് ഋഗ്വേദത്തിനുമുന്നേ ഭാരതത്തിൽ യോഗ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ്. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്.
കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിൽ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. തികച്ചും മതാതീതമായ വ്യായാമമുറയായ യോഗയെ ഹൈജാക്ക് ചെയ്ത് മറ്റുള്ളവർക്ക് അന്യമാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.
വികസിത രാജ്യങ്ങൾ പോലും യോഗയിൽ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങൾക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ചിന്തിക്കുന്നവർക്കേ യോഗയെ ഫലപ്രദമായി ഉപയോഗിക്കാനാവൂ. സമൂഹത്തെ സ്‌നേഹിക്കാനാവുന്ന ഒരുമനസ്സ് യോഗാഭ്യാസികൾക്ക് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, വി.എസ്. ശിവകുമാർ എംഎൽഎ, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടർ കേശവേന്ദ്രകുമാർ, ആയുഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത ആർ.എൽ., ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടർ ഡോ. ജമുന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഉഷാകുമാരി, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പി.സി.ഒ ഡോ. സുനിൽ രാജ്, നാഷണൽ ആയുഷ് മിഷൻ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ് എം, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ഷൈലേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.