പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കും.
ജില്ലാ ഹോമിയോ ആശുപത്രിക്ക് വേണ്ടി പൂത്തോളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിലെ നാല്, അഞ്ച് നിലകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2020-21 വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ജില്ലയില്‍ പുരോഗമിക്കുന്നു.അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി തൃശൂര്‍ കോര്‍പ്പറേഷന്‍ 2020 -21 വര്‍ഷത്തില്‍ 70 ലക്ഷം അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. വരുന്ന ഓഗസ്റ്റ് മാസത്തില്‍ പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അന്തിക്കാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഡിസ്‌പെന്‍സറി കെട്ടിടം നവീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഡിസ്‌പെന്‍സറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും.
അരിമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 10,10,000 രൂപ അനുവദിച്ചു. ഇലക്ട്രിക് വര്‍ക്കുകള്‍ ഒഴികെ ബാക്കി എല്ലാ പണികളും പൂര്‍ത്തീകരിക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 12ന് പുതിയ കെട്ടിടത്തിലേക്ക് സ്ഥാപനം പ്രവര്‍ത്തനം മാറ്റുകയും ചെയ്തിട്ടുണ്ട്.