തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലം സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമായതിന്റെ പ്രഖ്യാപനം ഇന്ന്(30 ജൂലൈ). പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർ പങ്കെടുക്കും.
മണ്ഡലത്തിൽനിന്നുള്ള എം.എൽ.എകൂടിയായ മന്ത്രി ജി.ആർ. അനിലിന്റെ ശ്രമഫലമായാണു സമ്പൂർണ ഡിജിറ്റലൈസേഷൻ എന്ന പദവിയിലേക്ക് നെടുമങ്ങാട് എത്തുന്നത്. ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന രണ്ടായിരം കുട്ടികളും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാതിരുന്ന 17 കുട്ടികളുമാണു മണ്ഡലത്തിൽ ഉണ്ടായിരുന്നത്.
സർക്കാർ സംവിധാനങ്ങൾക്കു പുറമേ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ ഏകോപിപ്പിച്ച് വിദ്യാർഥികൾക്കു സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ടിവിയും സംഘടിപ്പിച്ചു നൽകി. വൈദ്യുതിയില്ലാതിരുന്ന വീടുകളിൽ വൈദ്യുതി എത്തിച്ചു. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത 102 ഹോട്ട് സ്‌പോട്ടുകൾ ബി.എസ്.എൻ.എൽ കണ്ടെത്തി കവറേജ് കൂട്ടാൻ നടപടിയെടുത്തു. ഇതോടെ മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാകുകയായിരുന്നു.
ഇന്നു നടക്കുന്ന സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപന ചടങ്ങിൽ മന്ത്രിമാർക്കു പുറമേ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.