കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയുടെ ഭാഗമായി കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ -കായിക മേഖലകളിലെ പ്രതിഭകളുടെ മികവ് പരിഗണിച്ച് സാമൂഹ്യ പിന്തുണയും അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാക്കുന്ന പ്രതിഭ പിന്തുണ പദ്ധതി വിവിധ മേഖലകളിലെ കലാകാരന്മാ ര്‍ക്ക് ഉയര്‍ന്നു വരാനുള്ള പിന്തുണയാണെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയായ അഭിമാന പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രത്യേക പരിഗണനയോടെ ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാകാരന്മാരെയെല്ലാം ചേര്‍ത്തു നിര്‍ത്തുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട 59 പേര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിയത്. 50 ലക്ഷം രൂപയാണ് പദ്ധതിവിഹിതം. പട്ടികജാതി വിഭാഗത്തിനുള്ള സമഗ്ര പാക്കേജായാണ് പദ്ധതി. ചെറുകഥ /നോവല്‍ പ്രസിദ്ധീകരണം, നാടന്‍ പാട്ട് സംഘം രൂപീകരണം, ഗാനമേള ട്രൂപ്പ് രൂപീകരിക്കല്‍, ഡോക്യുമെന്ററി തയ്യാറാക്കല്‍, കഥകളി മേഖലയിലെ ഉപരിപഠനം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം അനുവദിച്ചത്. പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ദായക മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം (നിബോധിത) പദ്ധതി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ച നാലു പേരെ ചടങ്ങില്‍ ആദരിച്ചു.
അഭ്യസ്തവിദ്യരായ എസ്. സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാകുന്നത് വരെ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനമാണ് നിബോധിത പദ്ധതിയിലൂടെ നല്‍കുന്നത്. സൈനിക/അര്‍ദ്ധ സൈനിക സേനാ വിഭാഗങ്ങളില്‍ തൊഴില്‍ ലഭ്യമാകുന്നതിന് സഹായകമായി പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ്, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും. ഇന്ത്യന്‍ ആര്‍മി /ബി.എസ്.എഫ് എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്ക് പദ്ധതി വഴി ലഭിച്ച പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായി.
ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ അനില്‍ എസ് കല്ലേലിഭാഗം, ജെ. നജീബത്ത്, ഡോ. പി. കെ. ഗോപന്‍, വസന്താ രമേശ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ആര്‍. രശ്മി, എസ്. സോമന്‍, സി. അംബിക കുമാരി, ശ്യാമളയമ്മ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്. എസ് ബീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.