കായികരംഗത്ത് ഇരവിപേരൂര്‍ പഞ്ചായത്തിന് കരുത്തേകാന്‍ ജനകീയാസൂത്രണ പദ്ധതിയിന്‍ കീഴില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നു. കായിക മേഖലയുടെ വള ര്‍ച്ചയ്ക്കായി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നത്. കായിക താരങ്ങള്‍, പരിശീലകര്‍, കായിക സംഘടനാ ഭാരവാഹികള്‍, ക്ലബുകള്‍ എന്നിവരോടൊപ്പം കായിക പ്രേമികളെയും ഉള്‍പ്പെടുത്തിയാണ് കൗണ്‍സിലിന്റെ രൂപീകരണം. സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം, പരിശീലന പരിപാടികള്‍, കളിസ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പഞ്ചായത്തുതല ടീം രൂപീകരണം, ടൂര്‍ണമെന്റുകളുടെ സംഘാടനം തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സില്‍ ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ 50 പേര്‍ക്കും ഫുട്‌ബോളില്‍ 72 പേര്‍ക്കും പരിശീലനം നല്‍കും. പരിശീലനാര്‍ഥികളുടെ സെലക്ഷന്‍ ക്യാമ്പുകള്‍ ഈ മാസം 23,24 തീയതികളില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, നാഷണല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. പരിശീലന ക്യാമ്പുകള്‍ ജൂലൈ 15ന് ആരംഭിക്കും.  സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രചരണ പരിപാടികള്‍ക്കായി ഇരവിപേരൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നപേരില്‍ വാട്‌സ്അപ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരണ യോഗം വള്ളംകുളം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, അംഗങ്ങളായ പ്രജിത എല്‍, ജോണ്‍ വര്‍ഗീസ്, സാലി ജേക്കബ്, ബിന്ദു കെ.  നായര്‍, അനസൂയ ദേവി, വി. കെ.ഓമനക്കുട്ടന്‍, പ്രസന്നകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.