മലപ്പുറം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പ്രാണവായു പദ്ധതിയിലേക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഘടകം വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകളും കൈമാറി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉപകരങ്ങള്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സേവന പഥത്തില്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ നാട് ഒറ്റക്കെട്ടായി നേരിടുമ്പോള്‍ മാനവികതയിലൂന്നിയ സഹായ സഹകരണങ്ങളുമായി വിവിധ കൂട്ടായ്മകള്‍ രംഗത്തു വരുന്നത് നന്മയുടെ പ്രതീക്ഷയാണ് പൊതു സമൂഹത്തിനു പകരുന്നത്. അതീവ ജാഗ്രതയോടെ കോവിഡ് മഹാമാരിക്കാലത്തെ അതിജീവിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരേ സമയം നാല് പേര്‍ക്ക് ജീവവായു നല്‍കാന്‍ സഹായിക്കുന്ന 20 ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകളും മൂന്ന് വെന്റിലേറ്ററുകളുമാണ് റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഘടകം പ്രാണവായു പദ്ധതിയിലേക്ക് നല്‍കിയത്. ഇത് താലൂക്ക് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി സമാഹരിച്ച 25,000 രൂപ ചടങ്ങില്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഹുസൈന്‍ വല്ലാഞ്ചിറ, താലൂക്ക് കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.