ആലപ്പുഴ: ജില്ലയിലെ പ്രധാന മത്സ്യ ഉത്പ്പാദന യൂണിറ്റായി മങ്കോട്ട ഫിഷ് ഫാമിനെ മാറ്റുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എടത്വാ മങ്കോട്ടചിറ ഫിഷ് ഫാം സന്ദര്‍ശിക്കുകയിരുന്നു മന്ത്രി. ജില്ലയില്‍ നാല് കോടി മത്സ്യ കുഞ്ഞുങ്ങള്‍ ആവശ്യമാണ്. മങ്കോട്ട ഫിഷ് ഫാമിലെ മത്സ്യകുഞ്ഞുങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചാല്‍ ആവശ്യമായ മത്സ്യസമ്പത്ത് ഇവിടെ നിന്നു തന്നെ ലഭിക്കും. ഉള്‍നാടന്‍ മേഖലയില്‍ നിന്ന് ഉത്പ്പാദിപ്പിച്ചെടുക്കുന്ന മത്സ്യങ്ങള്‍ വിദേശ കമ്പോളത്തിലേക്ക് കയറ്റി അയയ്ക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. മങ്കോട്ട ഫിഷ് ഫാമിന്റെ സ്ഥലപരിമിതിക്ക് പരിഹരം കണ്ടെത്തും. സാങ്കേതിക സൗകര്യം ഒരുക്കാന്‍ 15 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. സ്ഥലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കുട്ടനാട് എം.എല്‍.എ.യെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കാന്‍ ഫിഷറീസ് ജീവനക്കാര്‍ക്ക് മന്ത്രി അടിയന്തിര നിര്‍ദ്ദേശം നല്‍കി. തോമസ് ചാണ്ടി എം.എല്‍.എ., ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, കെ. പ്രകാശ്, പി.സി. കുഞ്ഞുമോന്‍, റെജി പി. വര്‍ഗീസ്, കെ.എല്‍. ബിന്ദു, യു. ബിബിന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
