തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായുളള വിവിധ പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുളള സ്വയം തൊഴില്‍ ധനസഹായ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ട ആശ്രിതരുടേയും ഗുരുതരമായി പരിക്ക് പറ്റിയവരുടേയും പുനരിധവാസ പദ്ധതി, കുറ്റകൃത്യത്തിനിരനായവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായ പദ്ധതി, തടവുകാരുടെ പെണ്‍മക്കള്‍ക്കുളള വിവാഹ ധനസഹായ പദ്ധതി എന്നിവ പ്രകാരമാണ് ധനസഹായം ലഭിക്കുക.
ധനസഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവ് 200 രൂപ മുദ്രപത്രത്തില്‍ സാമൂഹ്യനീതി വകുപ്പുമായി കരാറില്‍ ഏര്‍പ്പെടണം.  ധനസഹായം അനുവദിച്ചാല്‍ തുക ഗുണഭോക്താവിന്റെ അക്കൗണ്ട് വഴിയാകും വിതരണം ചെയ്യുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13.  തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളുടെ പരിധിയില്‍ താമസിക്കുന്ന അപേക്ഷകര്‍ ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫിസിലും (ഫോണ്‍ നമ്പര്‍ 0470 – 2625456), ജില്ലയിലെ മറ്റു താലൂക്കുകളിലെ അപേക്ഷകര്‍ തിരുവനന്തപുരം പൂജപ്പുരയിലെ ജില്ലാ പ്രൊബേഷന്‍ ഓഫിസിലുമാണ് (പൂജപ്പുര – ചാടിയറ റോഡില്‍ ആശാഭവന്‍ (മെന്‍) സ്ഥാപനത്തിന് സമീപം, ഫോണ്‍ നമ്പര്‍ 0471 – 2342786), അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് swd.kerala.gov.in.