തിരുവനന്തപുരം: പുനസംഘടനയ്ക്കു ശേഷമുള്ള ജില്ലാ ഇന്നൊവേഷൻ കൗൺസിലിന്റെ ആദ്യയോഗം ഓൺലൈനായി ചേർന്നു. യുവതലമുറയുടെ നൂതന ആശയങ്ങൾ വളർത്തിയെടുക്കുന്നത്തിനായി കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

12-35 വയസുവരെയുള്ള സ്‌കൂൾ-കോളേജ്-ഗവേഷണ വിദ്യാർഥികൾക്കായുള്ള യങ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ പുരോഗതി യോഗം വിലയിരുത്തി. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ഈ പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്തത്. 58 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 499 ടീമുകളാണ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തത്. 127 ടീമുകളുടെ ആശയങ്ങൾ ജില്ലാതലത്തിൽ വിലയിരുത്തി. ഇതിൽ നിന്നും 41 ടീമുകളെ സംസ്ഥാനതലത്തിലേക്കു തെരഞ്ഞെടുത്തു. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. ടീമുകളുടെ അവസാന ഘട്ട വിലയിരുത്തൽ ഓഗസ്റ്റിൽ നടക്കും.യങ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ അടുത്ത ഘട്ടത്തിന്റെ (2021-23) സംസ്ഥാന തല ഉദ്ഘാടനവും ഓഗസ്റ്റിൽ നടക്കും. സംസ്ഥാനത്ത് 20000 ടീമുകളെ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രേറ്റജിക് കൗൺസിലിന്റെ കെ-ഡിസ്‌ക് ഒരു ജില്ല-ഒരു ആശയം : ചെറുകിട ഇടത്തരം സംരംഭ ഇന്നൊവേഷൻ ക്ലസ്റ്ററുകൾ, ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ ഒരു ആശയം എന്നീ പദ്ധതികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കൗൺസിലിന്റെ പ്രവർത്തന നിർദേശങ്ങളും പ്രതിപാദിച്ചു. യുവതലമുറയുടെ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ പറ്റുന്ന പദ്ധതികളാണ് കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രേറ്റജിക് കൗൺസിൽ നടപ്പാക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പറഞ്ഞു. കൂടുതൽ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ യോഗത്തിൽ പറഞ്ഞു. ജില്ലാ ഇന്നൊവേഷൻ കൗൺസിൽ അംഗങ്ങൾ, കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രേറ്റജിക് കൗൺസിൽ ജില്ലാ കോ-ഓർഡിനേറ്റർ നിപുൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.