ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ആദിവാസി മേഖലകളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.  ജില്ലാ വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആറളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക തസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യമുണ്ടായി.
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കുറവ് വിജയ ശതമാനം ആറളം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. അവിടെ  ആവശ്യമായ അധ്യാപക തസ്തിക ഇല്ലാത്തത് അധ്യയനത്തെ ബാധിക്കുന്നതായും  ചൂണ്ടിക്കാണിക്കപ്പെട്ടു.
അധ്യാപക തസ്തികകള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ആറളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജില്ലയിലെ മികച്ച സ്‌കൂളായി മാറ്റുകയാണ് സര്‍ക്കാരിന്റെ താല്പര്യമെന്നും
മന്ത്രി പറഞ്ഞു.  പരിയാരം ഹയര്‍സെക്കണ്ടറി സ്‌കൂളിലും പുതിയ അധ്യാപക തസ്തിക അനുവദിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  ആദിവാസി മേഖലകളില്‍ അടിസ്ഥാന വികസനത്തിനും വിദ്യാഭ്യാസ വിനോദ വിജ്ഞാന മുന്നേറ്റത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കണം ജില്ലയുടെ പദ്ധതികള്‍ എന്ന് വി ശിവദാസന്‍ എം പി നിര്‍ദേശിച്ചു.
തലശ്ശേരി- മൈസൂര്‍ ദേശീയ പാതയില്‍ മട്ടന്നൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഡിഡിസിയുടെ പ്രമേയമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. ജില്ലാ ആശുപത്രിയില്‍ അനുവദിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍  ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ ഡിഡിസി നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രവൃത്തി വേഗത്തിലാക്കണം.
പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി കിണര്‍ നിര്‍മ്മിക്കുന്നതിനായുള്ള സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. പട്ടുവത്തെ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ അവിടത്തെ ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യത തേടാന്‍ യോഗം നിര്‍ദ്ദേശിച്ചു. സര്‍ക്കസ് തൊഴിലാളികളുടെ പെന്‍ഷന്‍ ലഭിക്കുന്നതിലുള്ള സങ്കീര്‍ണത ഒഴിവാക്കുന്നതിനും തുക വര്‍ധിപ്പിക്കുന്നതിനുമായി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ പി എസ് സി ഒഴിവ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ചുഴലി, പടിയൂര്‍- കല്ല്യാട് മേഖലകളില്‍ നടക്കുന്ന അനധികൃത ഖനനം തടയുന്നതിനായുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ വി ശിവദാസന്‍ എം പി, എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ പി മോഹനന്‍, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, ടി ഐ മധുസൂദനന്‍, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, കെ മുരളീധരന്‍ എംപിയുടെ മണ്ഡലം പ്രതിനിധി എം പി അരവിന്ദാക്ഷന്‍, കെ സുധാകരന്‍ എം പിയുടെ മണ്ഡലം പ്രതിനിധി ജയകൃഷ്ണന്‍ കിനക്കല്‍, എഡിഎം കെ കെ ദിവാകരന്‍, ഡിപിഒ കെ പ്രകാശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.