എറണാകുളം: മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ 24 മണിക്കൂറിനുള്ളിൽ തന്റെ സംരംഭത്തിന് പുതുജീവൻവെച്ചതിന്റെ സന്തോഷവുമായി ഒരു വ്യവസായി. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ ലിസ്സി റബ്ബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അനിൽ കുര്യാസ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ എത്തിയത് കഴിഞ്ഞ മാസം 15ന്.
വർഷങ്ങളായി പ്രവർത്തിക്കുന്ന തന്റെ വ്യവസായ സ്ഥാപനത്തിന് അകാരണമായി പഞ്ചായത്ത് അനുമതി നിഷേധിച്ചെന്ന പരാതിയുമായി എത്തിയ അനിലിന്റെ സ്ഥാപനത്തിന് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് 16ാം തീയതി പഞ്ചായത്ത് അനുമതി നൽകി. കൈയ്യുറകളുടെ നിർമാണത്തിനായുളള സെൻട്രിഫ്യുഗൽ ലാറ്റക്സ് നിർമിക്കുന്ന കമ്പനി 20 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന സ്ഥാപനമാണ്.
ഒരു സംരംഭകന്റെ ന്യായമായ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്ന സാഹചര്യം കൂടുതൽ പേർക്ക് ആത്മവിശ്വാസം പകരുമെന്ന് പറഞ്ഞ അനിൽ കുര്യാസ് കൂടുതൽ മുതൽ മുടക്കി സ്ഥാപനം വിപുലമാക്കുമെന്നും തിങ്കളാഴ്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷിന്റെ നേതൃത്വത്തിൽ നടന്ന വ്യവസായ പരാതി പരിഹാര അദാലത്തിൽ അറിയിച്ചു.
മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ തുടർച്ചയായി കളക്ട്രേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ജില്ലാ കളക്ടർ ജാഫർ മലിക്, സബ് കളക്ടർ ഹാരിസ് റഷീദ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.