എറണാകുളം: വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ തുടർപരിപാടി എന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ ആകെ 48 പരാതികൾ പരിഗണിച്ചു. ഇതിൽ 36
പരാതികൾക്ക് പരിഹാരമായി. ബാക്കിയുള്ള 12 പരാതികൾ സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കാനും ധാരണയായി. ജൂൺ 15ന് നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സമർപ്പിക്കപ്പെട്ട അന്നേ ദിവസം ഹിയറിംഗ് നടത്താൻ കഴിയാതിരുന്ന പരാതികളാണ് പരിഗണിച്ചത്.
വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംരംഭകർ വർഷങ്ങളായി നേരിട്ട പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. വിവിധ വകുപ്പുകൾ നൽകേണ്ട അനുമതികൾ, ട്രാൻസ്ഫോമറിൻ്റെ ശേഷി വർധിപ്പിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബിയുടെ അനുമതി ലഭിക്കാത്ത പ്രശ്നങ്ങൾ, 1964 ലെ പുതുവൽ പട്ടയവുമായി ബന്ധപ്പെട്ട പരാതി, കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ ജിയോളജി വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം, പ്ലൈവുഡ് യൂണിറ്റുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ലഭിക്കാത്ത പ്രശ്നങ്ങൾ തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്. ജില്ലാ കളക്ടറുടെയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെയും അധ്യക്ഷതയിലുള്ള സമിതിയാണ് പരാതികൾ പരിഗണിച്ചത്. പരാതിക്കാരെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ഏകോപിപ്പിച്ചാണ് പരാതികൾ തീർപ്പാക്കിയത്.
ജില്ലയിലെ ഏകജാലക സംവിധാനം വഴി ഇനിയും പരാതികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഇതേ രീതിയിൽ വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തര ശ്രമമുണ്ടാകും. മറ്റു ജില്ലകൾക്കും മാതൃകയാക്കാവുന്ന പരാതി പരിഹാര അദാലത്താണ് സംഘടിപ്പിച്ചതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ ജാഫർ മാലിക്, സബ് കളക്ടർ ഹാരിസ് റഷീദ്, അസിസ്റ്റൻ്റ് കളക്ടർ സച്ചിൻ യാദവ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിജു പി. എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു