എറണാകുളം: മീറ്റ് ദ മിനിസ്റ്റർ വ്യവസായ പരാതി പരിഹാര അദാലത്തിലൂടെ 18 ദിവസത്തിനുള്ളിൽ സംരംഭം പുനരാരംഭിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സ്വർണ്ണാഭരണ നിർമാണ വ്യവസായിയായ എം.എം. ഷംസുദീൻ. ആമ്പല്ലൂർ പഞ്ചായത്തിൽ കാഞ്ഞിരമറ്റത്ത് പ്രവർത്തിച്ചിരുന്ന സ്വർണ്ണാഭരണ നിർമാണ യൂണിറ്റിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭ്യമാകുന്നില്ലെന്ന പരാതിയുമായാണ് ഇദ്ദേഹം കഴിഞ്ഞ മാസം 15 ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിനെത്തിയത്.അദാലത്തിൽ സമർപ്പിച്ച പരാതിയിൽ 18 ദിവസങ്ങൾക്കകം മലിനീകരണ നിയന്ത്രണ ബോർഡ് നടപടികൾ പൂർത്തിയാക്കുകയും പഞ്ചായത്ത് സംരംഭത്തിന് പ്രവർത്തനാനുമതി നൽകുകയുമായിരുന്നു. പരാതിയിൽ അതിവേഗം നടപടി പൂർത്തിയാക്കാൻ സഹായിച്ച വ്യവസായ വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എം.എം. ഷംസുദീൻ
കളക്ട്രേറ്റിൽ തിങ്കളാഴ്ച നടന്ന വ്യവസായ പരാതി പരിഹാര അദാലത്തിൽ നന്ദി പറഞ്ഞു.