കൊല്ലം: കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം എം.എസ്.താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു. രേവതിയുടെ വിദേശത്തുള്ള ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാവും കുടുംബാംഗങ്ങളും കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നുവെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കമ്മിഷനോട് വെളിപ്പെടുത്തി. ഭര്‍ത്തൃവീട്ടില്‍ ഉണ്ടാകുന്ന മാനസിക പീഡനങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരം, സ്വന്തം വീട്ടിലേക്ക് മടങ്ങി നിയമപരമായ മാര്‍ഗങ്ങളിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുകയാണ് വേണ്ടത്. വിവാഹിതരായി ഭര്‍ത്തൃവീട്ടിലെ പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാനുള്ള പൊതുബോധം ഉണരണം-എം.എസ്.താര പറഞ്ഞു.