തിരുവനന്തപുരം: സമ്പൂർണ മാലിന്യമുക്ത ഗ്രാമമാകാനുള്ള ആദ്യഘട്ട പരിപാടിക്കു പൂവച്ചൽ പഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ‘മാലിന്യ മുക്ത ഗ്രാമം സമ്പൂർണ്ണ ആരോഗ്യ ശുചിത്വ ജനകീയ ജാഗ്രതാ യജ്ഞം’ ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 17 വരെയാണു പരിപാടി. 17ന് പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിക്കും.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ഓരോ വീട്ടിലെയും മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തും. ഖര-ദ്രവ-ജൈവ മാലിന്യങ്ങളെ വേർതിരിക്കും. ഖരമാലിന്യങ്ങൾ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കും. ദ്രവ, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കാനുള്ള നടപടിയുണ്ടാക്കും. ഇതിനായി സോക്ക്പിറ്റുകളും കമ്പോസ്റ്റ് ബിന്നുകളും വീടുകളിലെത്തിക്കും.
പദ്ധതി നടത്തിപ്പിനായി ഓരോ വാർഡിലും 25 മുതൽ 50 വരെ വീടുകൾ ഉൾപ്പെടുത്തി അയൽ സഭകൾ രൂപീകരിച്ച് വാർഡ് മെമ്പർ ചെയർമാനായി ശുചിത്വ സമിതി ഉണ്ടാക്കി. അഞ്ചുവീതം അയൽ സഭകൾ ചേർത്ത് സബ് കമ്മിറ്റികൾ ഉണ്ടാക്കി. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ, വായനശാലകൾ, റസിഡൻസ് അസോസിയേഷനുകൾ, ആർട്‌സ് ക്ലബ്ബുകൾ, ആരോഗ്യപ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ തുടങ്ങി വിവിധ തലങ്ങളിലുള്ളവരുടെ സേവനം പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽ കുമാർ പറഞ്ഞു.