ആലപ്പുഴ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ.എ.വൈ. വിഭാഗത്തിലെ 40,279 കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുക. ഇതിനകം എ.എ.വൈ. വിഭാഗത്തിലെ 13,980 കാര്‍ഡ് ഉടമകളടക്കം ജില്ലയില്‍ 15,041 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. അമ്പലപ്പുഴ താലൂക്കില്‍ 2,947, ചെങ്ങന്നൂര്‍ താലൂക്കില്‍ 1369, ചേര്‍ത്തല താലൂക്കില്‍ 3542, കാര്‍ത്തികപ്പള്ളി താലൂക്കില്‍ 3357, കുട്ടനാട് താലൂക്കില്‍ 1309, മാവേലിക്കര താലൂക്കില്‍ 2517 കാര്‍ഡ് ഉടമകള്‍ക്കുമാണ് ഇതുവരെ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്.
ഒരു കിലോ പഞ്ചസാര, അരലിറ്റര്‍ വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്/മുളകുപൊടി, മഞ്ഞള്‍, സേമിയ/പാലട/ഉണക്കലരി, കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്‍ക്കരവരട്ടി/ഉപ്പേരി, ആട്ട, പൊടിയുപ്പ്, ശബരി ബാത്ത് സോപ്പ്, തുണിസഞ്ചി എന്നിവയടക്കം 15 ഭക്ഷ്യ വിഭവങ്ങളാണ് സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജില്ലയില്‍ ആകെ 6,04,962 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. എ.എ.വൈ. വിഭാഗത്തിലെ കാര്‍ഡുകാര്‍ക്കുള്ള വിതരണത്തിന് ശേഷം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 2,53,972 കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തും.
മുനഗണനാനേതര സബ്‌സിഡി വിഭാഗത്തിലെ 1,42,219 പേര്‍ക്കും ശേഷമുള്ള മുനഗണനാനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിലെ 1,67,590 കാര്‍ഡുടമകള്‍ക്കും  ഓണത്തിന് കിറ്റ് ലഭിക്കും.