ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ഡോക്ടേഴ്‍സ് ഫോര്‍യുവുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ്, വനിതാ ശിശു ആശുപത്രി അടക്കം വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍, ഓക്‌സിജന്‍ ബെഡ്, സ്പ്രിംഗ് പൈപ്പ്, വെന്റിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളാണ് നല്‍കിയത്. ഡോക്ടര്‍സ് ഫോര്‍ യു സംഘടന പ്രതിനിധി ജേക്കബ് അരികുപുരം, കെ. ഡിസ്‌ക് ജില്ലാ പ്രോഗ്രം ഓഫീസര്‍ അബ്ദുല്‍ ആസാദ് തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണീ സഹായങ്ങള്‍ ലഭിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് (ആരോഗ്യം) പദ്ധതി നിര്‍വ്വഹണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിത കുമാരി, ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ സന്നിഹിതരായി.