അറിവ് നേടാന്‍ പ്രായം തടസ്സമല്ല എന്ന സന്ദേശം പകര്‍ന്ന് ഓര്‍മയായ കൊല്ലം പ്രാക്കുളം സ്വദേശി ഭാഗീരഥി അമ്മയ്ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും. 105-ാം വയസ്സില്‍ നാലാം തരത്തിന് ചേര്‍ന്ന് പുതുചരിത്രം തീര്‍ത്ത ഭാഗീരഥി അമ്മയുടെ വിവരങ്ങള്‍ ജില്ലാ കലക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാഞ്ഞിരുന്നു. തുടര്‍ന്ന് നല്‍കിയ റിപോര്‍ട്ട് പരിഗണിച്ചാണ് പ്രധാനമന്ത്രി കുടുംബാംഗത്തിന് കത്ത് അയച്ചത്. പ്രായത്തിന് കീഴപ്പെടുത്താനാകാത്ത അഭിനിവേശം കാട്ടിയ ഭാഗീരഥിയമ്മ തലമുറകള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വിയോഗത്തില്‍ ദുഖവും രേഖപ്പെടുത്തി. മരണാനന്തരം ലഭ്യമായ വലിയ ആദരവാണ് കത്തെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.
രാജ്യത്തെ മുതിര്‍ന്ന പഠിതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിലൂടെ ഭാഗീരഥി അമ്മ ശ്രദ്ധേയയായിരുന്നു. രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരത്തിലൂടെ രാജ്യമൊട്ടാകെ അറിഞ്ഞു. ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഭാഗീരഥി അമ്മയെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍ അനുസ്മരിച്ചു.