* സി എം വിത്ത് മിയിലൂടെ ആശ്വാസം
‘മുൻഗണനാ കാർഡ് ലഭിച്ചതിലൂടെ പിതാവിന്റെ ശസ്ത്രക്രിയയ്ക്കുള്ള സഹായം ലഭിച്ചല്ലോ?’ എന്ന മുഖ്യമന്ത്രിയുടെ ഫോണിലൂടെയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാരിനുള ഹൃദയം നിറഞ്ഞ നന്ദിയായിരുന്നു ആതിരയുടെ മറുപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീകുമാറിന്റെ മകൾ ആതിരയാണ് മുൻഗണനാ കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ സി എം വിത്ത് മിയിൽ പരാതി അറിയിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നെങ്കിലും കുടുംബത്തിന് മുൻഗണനാ ചികിത്സാ സഹായത്തിന് അർഹത നൽകുന്ന കാർഡ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രശ്‌നം.സി എം വിത്ത് മീയിൽ നൽകിയ പരാതിയെ തുടർന്ന് വർക്കല സപ്ലൈ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ്, കമ്മീഷണറേറ്റ് എന്നിവിടങ്ങളിൽ തുടർച്ചയായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ മുൻഗണനാ കാർഡ് അനുവദിച്ച് ചികിത്സാ സഹായം ഉടൻ ലഭ്യമാക്കിയതിൽ ആതിര മുഖ്യമന്ത്രിയോടും സി എം വിത്ത് മിയോടും നന്ദി അറിയിച്ചു.
കോട്ടൂർ-കാപ്പുകാട് കെ എസ് ആർടി സി സർവീസ് പുനരാരംഭിച്ചതിലുള്ള സന്തോഷം കോട്ടൂർ സ്വദേശിയായ ദിവ്യ മുഖ്യമന്ത്രിയോട് ഫോണിൽ പങ്കുവെച്ചു. റൂട്ടിലെ രാത്രികാല കെഎസ്ആർടിസി ബസ് സർവീസ് ഒന്നര വർഷമായി നിലച്ചതോടെ സ്‌കൂൾ കുട്ടികളും നാട്ടുകാരും വലിയ പ്രയാസത്തിലായിരുന്നു. ഈ ബുദ്ധിമുട്ട് സി എം വിത് മീയിലൂടെ അറിയിച്ച ദിവ്യയുടെ പരാതിയിൽ കെഎസ്ആർടിസി അധികൃതരുമായി ഇടപെട്ട് ഡിസംബർ 22 മുതൽ സർവീസ് പുനരാരംഭിച്ചു. കുട്ടികൾക്ക് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതിൽ പ്രദേശവാസികൾക്ക് ആശ്വാസമായതായും ദിവ്യ അറിയിച്ചു.

ഭിന്നശേഷിക്കാരിയായ സഹോദരിക്ക് അച്ഛന്റെ കുടുംബ പെൻഷൻ ലഭിക്കണമെന്ന ആവശ്യം അംഗീകരിച്ചതിലുള്ള സന്തോഷം കോഴിക്കോട് സ്വദേശിയായ സുധീഷ് മുഖ്യമന്ത്രിയുമായി പങ്കു വെച്ചു. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് വിരമിച്ച കെ.പി. സുന്ദരന്റെ ഭിന്നശേഷിക്കാരിയായ മകൾക്ക് കുടുംബപെൻഷൻ ലഭ്യമാക്കാനുള്ള അപേക്ഷ സേവനപുസ്തകത്തിൽ അവകാശികളുടെ പേര് ചേർക്കാത്തതിനാൽ നീണ്ടുപോയിരുന്നു. സുധീഷ് സി എം വിത് മീയിലേക്ക് പരാതി നൽകി. തുടർന്നുണ്ടായ ഇടപെടലുകൾ നടപടികൾ വേഗത്തിലാക്കി കുടുംബപെൻഷൻ അനുവദിക്കാൻ വഴി തുറന്നു. ദീർഘകാല കാത്തിരിപ്പിന് പരിഹാരമായതിൽ കുടുംബം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.
നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ലഭിച്ച സ്ഥിതിക്ക് കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായി നടക്കാവ് സ്വദേശിനി മേഘയെ ഫോണിൽ അറിയിച്ചു. കർണാടകയിൽ നിന്നുള്ള ബി എസ് സി നഴ്‌സിംഗ് പഠനം പൂർത്തിയാക്കി 2024 മാർച്ചിൽ കേരള നഴ്‌സിംഗ് കൗൺസിലിൽ രജിസ്‌ട്രേഷനു അപേക്ഷിച്ച മേഘ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജോലി പോലും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. സി എം വിത് മീയിലൂടെ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമായി നവംബർ 26-ന് ഉച്ചയോടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സോഫ്റ്റ് കോപ്പി മേഘയ്ക്ക് കൈമാറി. പഠനത്തിനും തൊഴിൽ ജീവിതത്തിനും വീണ്ടും വഴിയൊരുങ്ങിയതിൽ മേഘ സന്തോഷം പങ്കുവച്ചു.
ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കു സമയബന്ധിതമായി പരിഹാരം കാണിക്കുന്നതിലൂടെ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതി സർക്കാർ ജനങ്ങളോടൊപ്പം നിൽക്കുന്നതിന്റെ നല്ല മാതൃക തീർക്കുകയാണ്.
