സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് തിരുവനന്തപുരത്ത് ജനുവരി 19 ന് തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്‌നോളജി ഡെമോൻസ്‌ട്രേഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷി ഇടപെടലായാണ് ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കുന്നത്.
ഭിന്നശേഷിക്കാരുടെ ഉൾച്ചേർക്കലും പ്രാപ്യത ഒരുക്കലും ഉത്സവമാക്കുന്ന മേളയായാണ് ‘സവിശേഷ Carnival of the Different’ വിഭാവനം ചെയ്തിരിക്കുന്നത്. സഹായ ഉപകരണ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിയുള്ളവർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന വേദികൾ, അന്താരാഷ്ട്ര തലത്തിലെ നവീന ആശയങ്ങളുടെ അവതരണം, നിയമ അവബോധ പരിപാടികൾ, രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഭിന്നശേഷി അവകാശങ്ങളും നയപരിഷ്‌കരണങ്ങളും സംബന്ധിച്ച ചർച്ചകൾ നയരൂപീകരണ വിദഗ്ദ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള ആശയവിനിമയങ്ങൾ, ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ, പൂർണ്ണമായും ബാരിയർ-ഫ്രീ സൗകര്യങ്ങളോടെ ഇൻക്ലൂസീവ് കായിക മത്സരങ്ങൾ ഉൾപ്പെടുത്തിയുള്ള ഇൻക്ലൂസീവ് സ്‌പോർട്‌സ്, ഭക്ഷ്യമേള എന്നിവ വിവിധ വേദികളിലായി ഉണ്ടാവും.
പ്രചാരണ പരിപാടിയുടെ ഭാഗമായി ജനുവരി 17 നു വൈകുന്നേരം 3 മണിമുതൽ 6 മണിവരെ ഭിന്നശേഷി പ്രതിഭകൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബ് റോഡ് ഷോ നടക്കും. അനുയാത്ര റിഥം ഡാൻസ് ഗ്രൂപ്പിലെ അംഗങ്ങൾ, നിഷ് ഇൻസ്റ്റിറ്റിട്യൂട്ടിലെ കേൾവി പരിമിതരായ പ്രതിഭകൾ എന്നിവരാണ് തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൾ ഫ്ളാഷ് മോബ് അവതരിപ്പിക്കുക.
സവിശേഷ Carnival of the Different പരിപാടിയുടെ ഉദ്ഘാടനവും, സംസ്ഥാന ഭിന്നശേഷി മേഖലയിലെ അവാർഡ് വിതരണവും ജനുവരി 19 നു ഉച്ചക്ക് 2 മണിക്ക് ടാഗോർ തീയേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ശേഷം വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ കല പ്രകടനങ്ങൾ നടക്കും. തുടർന്ന് ഭിന്നശേഷി കലാകാരന്മാർ ഉൾപ്പെടുന്ന റിഥം ഗ്രൂപ്പിൻറെ കലാപരിപാടികൾ നടക്കും.
സമാപന സമ്മേളന ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ ജനുവരി 21 നു 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഗായിക വൈക്കം വിജയലക്ഷ്മി വിശിഷ്ടാതിഥിയായി പരിപാടിയിൽ പങ്കെടുക്കും.
ഭിന്നശേഷിക്കാരായ തൊഴിൽ അന്വേഷകർക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ തൊഴിൽദായകർ മേളയുടെ ഭാഗമാകുന്നു. ഇതിന്റെ ഭാഗമായി പരമാവധി ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ജനുവരി 20 ന് വഴുതക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ 5 മണിവരെയാണ് തൊഴിൽ മേള. തൊഴിൽ-നെപുണ്യ വകുപ്പ്, കേരള നോളജ് എക്കണോമി മിഷൻ, വിജ്ഞാന കേരളം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും സർക്കാർ ഇതര സംരംഭകരുടെയും സഹകരണത്തോടുകൂടിയാണ് ഈ തൊഴിൽ മേള നടത്തുന്നത്.
ഇൻക്യൂസീവ് സ്‌പോർട്‌സ് മീറ്റ്
സവിശേഷയുടെ ഭാഗമായുള്ള ഇൻക്യൂസീവ് സ്‌പോർട്‌സ് മീറ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജനുവരി 20ന് രാവിലെ 9 മണിക്ക് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായാണ് കായിക മത്സരങ്ങൾ നടക്കുക. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങളാണ് ഇവിടെ പങ്കെടുക്കുന്നത്.
എക്‌സിബിഷനുകൾ
2026 ജനുവരി 19 മുതൽ 21 വരെ പ്രധാന വേദിയായ ടാഗോർ തിയേറ്റർ വിവിധ എക്‌സിബിഷനുകൾ നടക്കും . ഭിന്നശേഷിക്കാരുടെ വിവിധ ഉൽപന്നങ്ങൾ പ്രദർശന വിപണന മേള ഇതിന്റെ ഭാഗമായി നടക്കും. ഈ മേഖലയിലെ നൂതനമായ ആശയങ്ങളും, സാങ്കേതിക സൌകര്യങ്ങളും ഒരുക്കും.
വിവിധ വിഷയങ്ങളിൽ ഓപ്പൺ ഫോറം നടക്കും. ഭിന്നശേഷി – സ്ത്രീ – സമൂഹം അതിജീവനം, ഭിന്നശേഷി പ്രതിനിധാനം ഭാഷയിലും കലയിലും സാഹിത്യത്തിലും, ഭിന്നശേഷി സഹായ ഉപകരണങ്ങളും സാങ്കേതിക വിദ്യയും – പുതുസാധ്യതകൾ, ഭിന്നശേഷി സൗഹൃദ ഭരണ സംവിധാനവും വികസനവും – മാറുന്ന കാഴ്ചപ്പാടുകൾ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. കൂടാതെ ഭിന്നശേഷി പ്രതിഭകൾ പങ്കെടുക്കുന്ന ‘പാട്ടും പറച്ചിലും ‘ എന്ന സംഗീതപരിപാടിയും അരങ്ങേറും.
ഇൻക്യൂസീവ് ചലച്ചിത്ര മേള
ഫെബ്രുവരി 19ന് രാവിലെ 8 മണി മുതൽ കൈരളി ശ്രീ തിയേറ്റർ കോംപ്ലക്‌സിൽ ചലച്ചിത്ര മേളയും ചലച്ചിത്ര സംവാദവും നടക്കും. ചലച്ചിത്രയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിൽ ആദ്യത്തെ സെറിബ്രൽ പാഴ്‌സി ബാധ്യതനായ രാകേഷ് കൃഷ്ണൻ കൂരമ്പാല, പ്രശസ്ത നടൻ ജോബി എ എസ്, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ മധു, മാനേജിംഗ് ഡയറക്ടർ പി എസ് പ്രിയദർശൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സന്നിഹിതരാകും. ഭിന്നശേഷിക്കാരായ കലാകാരന്മാർ സംവിധാനം ചെയ്തതും ഭിന്നശേഷി മേഖലയുടെ പ്രശ്‌നങ്ങൾ പൊതു സമൂഹത്തിൽ ഉയർത്തി കാണിച്ചതുമായ ദേശീയവും അന്തർദേശീയവുമായ പ്രശസ്തി നേടിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
ഇൻക്ലൂസീവ് ഫിലിം ഫെസ്റ്റിവലിൽ താഹിറ, കായ്‌പോള, പേരൻപ് തുടങ്ങി പത്തോളം സിനിമകൾ പ്രദർശിപ്പിക്കും. ഇതിന്റെ ഭാഗമായി സിനിമ പ്രവർത്തകരുമായി സംവാദവും സംഘടിപ്പിക്കുന്നുണ്ട്.
ഭിന്നശേഷിയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്ത് വൈജ്ഞാനിക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വർഷം മുതൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് തെരെഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരെ പ്രത്യേകം ആദരിക്കും. ഈ മേഖലയിൽ രചിക്കപ്പെട്ട പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
