കാസർഗോഡ്: ചെറുകിട അസംഘടിത മേഖലകളിലെ സംരംഭങ്ങളെക്കുറിച്ച് നടക്കുന്ന ദേശീയ സാമ്പിൾ സർവേയുടെ അവലോകനയോഗവും ഏകദിന പരിശീലനവും കോഴിക്കോട് നടന്നു. ഡയറക്ടർ മുഹമ്മദ് യാസിർ.എഫ്, അസിസ്റ്റൻറ് ഡയറക്ടർ കുമാരൻ പി.ടി., സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തോമസ് എം.ജെ. എന്നിവർ നേതൃത്വം നൽകി. ലോക്ഡൗൺ മൂലം പൂർണമായി പ്രവർത്തിക്കാൻ കഴിയാതിരുന്നതോ വരുമാന- ചെലവുകളിൽ ഗണ്യമായ വ്യതിയാനങ്ങൾ വന്നതോ ആയ നിരവധി സംരംഭങ്ങളാണ് സർവ്വേ യൂണിറ്റുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

രാജ്യത്തിന്റെ ശരിയായ നയ രൂപീകരണത്തിനും വികസനത്തിനും ശരിയായ വിവരങ്ങൾ അത്യന്തം പ്രാധാന്യമുള്ളതായതിനാൽ അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ച ഇത്തരം വിവരങ്ങൾ അതേപടി രേഖപ്പെടുത്താൻ എന്യൂമറേറ്റർമാർക്ക് നിർദേശം നൽകി. തദ്ദേശസ്ഥാപനങ്ങളും പോലീസുമായി കോ ഓർഡിനേഷൻ തുടരാനും കണ്ടെയിൻമെൻറ് സോൺ, ഡി കാറ്റഗറി എന്നിവിടങ്ങളിൽ സർവേ ഒഴിവാക്കാനും തീരുമാനിച്ചു. എൻ.എസ്.ഒ.നടത്തുന്ന വിവിധ ദേശീയ സാമ്പിൾ സർവേകളിൽ ശരിയായ വിവരം നൽകി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് ഡയറക്ടർ അഭ്യർഥിച്ചു.