?️പരിശോധന വര്‍ധിപ്പിക്കും?️

ഇടുക്കി:  ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടുവരുന്നതിനായി വെള്ളിയാഴ്ച മുതൽ അഞ്ച് ദിവസം ഊര്‍ജിതപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. രാജു നാരായണ സ്വാമിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ജില്ലയിലെ കോവിഡ് സംബന്ധിച്ച പൊതുവായ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
ഈ ദിവസങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ സംയുക്ത പ്രവര്‍ത്തനം നടത്തും.

കിടപ്പുരോഗികള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും 60 വയസില്‍ക്കൂടുതലുള്ളവര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിയുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തും. തോട്ടം മേഖലയില്‍ ലയങ്ങളിലുള്ളവര്‍ക്കിടയില്‍ പരിശോധന വര്‍ധിപ്പിക്കും. ജില്ലയില്‍ ആളുകള്‍ കൂടുതലായി വരുന്ന പ്രധാന പട്ടണങ്ങളിലുള്‍പ്പെടെയുള്ള ഇടങ്ങളില്‍ മൊബൈല്‍ യൂണിറ്റുകളൂടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത തരത്തില്‍ നടപ്പിലാക്കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

അതിര്‍ത്തിയിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി വിശദീകരിച്ചു.
ദിവസവും അതിര്‍ത്തി കടന്നു യാത്രചെയ്യുന്നവരില്‍ രോഗികള്‍ കണ്ടേക്കാമെന്നുള്ളതിനാല്‍ എല്ലാ അതിര്‍ത്തികളിലും രോഗപരിശോധന ശക്തമാക്കും. ഇപ്പോള്‍ പരമാവധി പേര്‍ക്ക് അതിര്‍ത്തികളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇളവുകളുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂടുതലായി എത്താന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നു യോഗം നിര്‍ദേശിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ വാരാന്ത്യ പരിശോധന കൃത്യമായി നടത്തണം. ജില്ലയില്‍ പരമാവധി ആളുകള്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. ഇക്കാര്യത്തില്‍ ബോധവത്കരണം ഊര്‍ജിതമാക്കും.

മൂന്നാംതരംഗത്തിന് എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ വികസന സമിതി കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ്കളക്ടര്‍മാരായ പി. വിഷ്ണുരാജ്, രാഹുല്‍ കൃഷ്ണശര്‍മ, എഡി എം ഷിജു പി ജേക്കബ്, ഡിഎംഒ ഡോ. എന്‍. പ്രിയ, എന്‍എച്ച്എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. സുജിത് സുകുമാരന്‍, ഡിഎംഒ മാരായ ഡോ. സുഷമ, ഡോ. സുരേഷ് വര്‍ഗീസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.