എറണാകുളം: കോതമംഗലം മണ്ഡലത്തിൽ നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുസംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പുതിയ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ അനുവദിക്കുന്നതിന് വേണ്ടിയുള്ള മുൻഗണന പട്ടികയിൽ മണ്ഡലത്തിലെ നേര്യമംഗലം ഉൾപ്പെട്ടിട്ടുള്ളതാണ്. വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും,പ്രസ്തുത സ്ഥലം മറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്നും വളരെ ദൂരത്താണെന്നുള്ള വസ്തുതയും പരിഗണിച്ച് നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്കിയതായും,സ്ഥലത്തിന്റെ ലഭ്യത,ഫണ്ട്,ഭരണാനുമതി എന്നിവയ്ക്ക് വിധേയമായി ഇക്കാര്യത്തിൽ അനന്തരനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.