പ്രതിരോധ കുത്തിവെപ്പിന് ഊർജിത നടപടി

കാസർഗോഡ്: ജില്ലയിൽ രോഗികളുടെ എണ്ണം കൂടിയ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരീക്ഷണം ശക്തിപ്പെടുത്താനും 60 വയസ്സ് കഴിഞ്ഞവർ, കിടപ്പ് രോഗികൾ, ഗുരുതര രോഗം ബാധിച്ചവർ, ആദിവാസി മേഖലകളിൽ കഴിയുന്നവർ തുടങ്ങിയ മുൻഗണനാ പട്ടികയിലുള്ളവർക്ക് പരിഗണന നൽകി വാക്സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാനും ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ജാഗ്രത കൈവെടിയരുതെന്ന് യോഗം അഭ്യർഥിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അധ്യക്ഷത വഹിച്ചു.

കോവിഡ് ബാധിതരുടെ സമ്പർക്കവിവരം തയ്യാറാക്കാൻ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. അധ്യാപകർക്ക് ഇതിനുള്ള പരിശീലനം നൽകും. ജില്ലയിൽ മികച്ച നിലയിലാണ് വാക്സിൻ വിതരണം നടക്കുന്നത്. പക്ഷപാതം കാട്ടാതെ കാര്യക്ഷമമായി വാക്സിൻ വിതരണം പൂർത്തീകരിക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ജില്ലയിൽ കോവിഡ് പരിശോധന വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും ലാബ് ടെക്നീഷ്യൻമാരെയും നിയമിക്കും. ഡാറ്റ എൻട്രിക്കായി ആവശ്യമാണെങ്കിൽ സർക്കാർ ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

ക്വാറന്റീൻ ലംഘനങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് കുറച്ച് കൊണ്ടു വരാൻ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകണം. സർക്കാർ പരിപാടികൾ ഉൾപ്പെടെ ആൾക്കൂട്ടമുണ്ടാകുന്ന ഉദ്ഘാടനം, ആഘോഷങ്ങൾ ഒന്നും അനുവദനീയമല്ലെന്ന് യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും. ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള വ്യാപാര കേന്ദ്രങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും യോഗം മുന്നറിയിപ്പ് നൽകി.

ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം എ.കെ. രമേന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.വി. രാമദാസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകരൻ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.