ഓഗസ്റ്റ് 14നു മന്ത്രി മുഹമ്മദ് റിയാസ് കടമക്കുടിയിൽ പ്രഖ്യാപനം നടത്തും

എറണാകുളം: കടമക്കുടി ദ്വീപുസമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു. കടമക്കുടി ദ്വീപുസമൂഹത്തിന്റെ സവിശേഷ പരിസ്ഥിതി നിലനിർത്തിക്കൊണ്ട് തീരെ ചെലവുകുറഞ്ഞ ഐലൻഡ് ലിവിംഗ് മ്യൂസിയം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സുന്ദരമായ ദ്വീപുകളുടെ പ്രകൃതിയെയും സാമൂഹിക ജീവിതത്തെയും സ്വാഭാവിക ജീവിത മ്യൂസിയമാക്കി അവതരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം ഒരുകോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി മൂന്നുഘട്ടങ്ങളിലായി അഞ്ചുവർഷം കൊണ്ട് പൂർത്തിയാകും.

നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും പദ്ധതി ഒരുപോലെ നേട്ടമാകും. ദ്വീപുകളിലെ പൊക്കാളി അരി, ചെമ്മീൻ, മത്സ്യം, താറാവ് തുടങ്ങി തനത് വിഭവങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളും വിറ്റഴിക്കാനുള്ള വേദിയായി മ്യൂസിയം പദ്ധതി മാറും. പൊക്കാളി പാടങ്ങളും ചെമ്മീൻ – മത്സ്യ കെട്ടുകളും സ്വാഭാവികതയോടെ മ്യൂസിയത്തിന്റെ ഭാഗമാകും.

വിദേശത്തു നിന്നുൾപ്പെടെ എത്തുന്ന ദേശാടന പക്ഷികളെ നിരീക്ഷിക്കുന്നതിനും സൂര്യോദയവും സൂര്യാസ്‌തമയവും കാണുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഉണ്ടാകും. വിനോദ സഞ്ചാരികൾക്ക് മീൻ പിടിക്കുന്നതിനും പച്ചമീൻ വാങ്ങുന്നതിനും സൗകര്യം, വള്ളത്തിലൊരുക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്, ജല യാത്ര നടത്താൻ ബോട്ട് പോയിന്റ്, ദ്വീപുകളിലെ കുട്ടികളുടെ കലാസൃഷ്‌ടികൾക്ക് ഉൾപ്പെടെ ഗാലറികൾ, ഹോംസ്റ്റേ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുങ്ങും .

സമഗ്ര ടൂറിസം പദ്ധതി ടൂറിസം – പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ എട്ടിന് കടമക്കുടിയിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം മൂന്നുകോടി രൂപ ചെലവിൽ നിർമ്മിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.