എറണാകുളം: ഇന്ന് ആർക്കൊക്കെയാണ് വാക്സിൻ നൽകേണ്ടത്? – ഈ ചിന്തയിലാണ് കുറച്ചു മാസങ്ങളായി ആശ പ്രവർത്തകരുടെ ദിവസം ആരംഭിക്കുന്നത്. ഉടൻ ലിസ്റ്റ് പരിശോധിക്കുക, അവരുടെ വീടുകളിലെത്തുക, സമയക്രമത്തിൽ വാക്സിനേഷൻ കേന്ദ്രത്തിലെത്തിക്കുക, വാക്സിൻ നൽകുക…. അന്നത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകി കഴിയുമ്പോൾ ദിവസവും അവസാനിക്കും. ബോധവത്കരണം, രജിസ്ട്രേഷൻ പിന്നെ വാക്സിൻ ഇതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ജില്ലയിലെ ആശ വർക്കർമാർ. ഒരാൾക്കല്ല… വേണ്ടപ്പെട്ടവർക്കുമല്ല …എല്ലാവർക്കും ഒരുപോലെ വാക്സിൻ നൽകണം. അതാണ് ലക്ഷ്യം. ജില്ലയിലെ 27 ലക്ഷം ആളുകളും വാക്സിൻ സ്വീകരിച്ചപ്പോൾ ഇതിനുവേണ്ടി ആശ വർക്കർമാർ വഹിച്ച പങ്ക് നിർണായകമാണ്. കൃത്യമായ പ്രവർത്തനത്തിലൂടെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തിനാകെ മാതൃകയാകുകയാണ് ജില്ലയിലെ ആശ വർക്കർമാർ.

ഓരോ ആശ വർക്കർമാർക്കും പല അനുഭവങ്ങളാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്നത്. ആദ്യം വാക്സിൻ്റെ കാര്യവുമായി സമീപിക്കുമ്പോൾ ജനങ്ങളിൽ പലരും പേടിയോടെയാണ് പ്രതികരിച്ചതെന്ന് ഫോർട്ടുകൊച്ചിയിലെ ആശ വർക്കർ ഷംല പറയുന്നു. വാക്സിൻ എടുത്താൽ എന്തെങ്കിലും സംഭവിക്കുമോ എന്നതായിരുന്നു ആശങ്ക. ഇവർക്കെല്ലാം വാക്സിൻ എടുക്കേണ്ടതിനെക്കുറിച്ച് ബോധവത്കരണം നടത്തുക ആയിരുന്നു ആദ്യത്തെ ദൗത്യം.

സ്വന്തമായി ഫോൺ നമ്പർ ഇല്ലാത്ത ,സ്മാർട്ട് ഫോൺ ഇല്ലാത്ത പ്രായമായവർക്കു വേണ്ടിയുള്ള രജിസ്ട്രേഷനും ബുദ്ധിമുട്ടേറിയ ജോലിയായിരുന്നുവെന്ന് നെല്ലിക്കുഴിയിലെ എട്ടാം വാർഡ്ആശ വർക്കർ താഹിറ സുബൈർ. വൃദ്ധരായവരെ സഹായിക്കാൻ മാത്രം പ്രത്യേകം സമയം കണ്ടെത്തിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. 60 വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

ജനങ്ങളെ പല കാറ്റഗറികളായി തിരിച്ച് കൃത്യതയോടെയുള്ള വാക്സിനേഷനാണ് ജില്ലയിൽ പൂർത്തിയാക്കിയത്. 80 വയസു പൂർത്തിയായവർക്കും 60 വയസ് കഴിഞ്ഞവർക്കും പ്രത്യേക ലിസ്റ്റുകൾ തയാറാക്കി രജിസ്ട്രേഷനും വാക്സിനേഷനും ആദ്യം പൂർത്തിയാക്കി. കിടപ്പു രോഗികൾ, പാലിയേറ്റീവ് രോഗികൾ, ജീവിതശൈലീ രോഗങ്ങളുള്ളവർ, ഭിന്നശേഷി ക്കാർ എന്നിവർക്കും പ്രത്യേക പട്ടിക തയാറാക്കി വാക്സിൻ നൽകി. ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകി വാക്സിൻ നൽകുന്നതിലും ആശ വർക്കർമാർ വലിയ പങ്കുവഹിച്ചു.

ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും തിരക്കുണ്ടാകാതെ സമയക്രമം പാലിക്കുന്നതിലും പരാതികളില്ലാത്ത പ്രവർത്തനമാണ് ആശ വർക്കർമാർ നടത്തിയത്. ഇതു കൂടാതെ അതിഥി തൊഴിലാളികൾക്കും പട്ടിക വർഗ വിഭാഗക്കാർക്കും വാക്സിൻ നൽകുന്നതിനും സഹായങ്ങൾ നൽകി. ഓരോ വാർഡിലും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ, രണ്ട് ഡോസ് സ്വീകരിച്ചവർ , ഓരോരുത്തരും ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള ദിവസങ്ങൾ എന്നീ ലിസ്റ്റുകളെല്ലാം ആശ വർക്കർമാർ പിഴവുകളില്ലാതെയാണ് പൂർത്തിയാക്കിയത്. ഇതോടൊപ്പം കോവിഡ് പോസിറ്റീവ് ആയവരുടെ ക്വാറൻ്റീൻ നിരീക്ഷണവും ആശ വർക്കർമാർ നിർവഹിച്ചു.

ദേശീയ ആരോഗ്യപദ്ധതിയുടെ (NHM) ഭാഗമായി നിയമിച്ച അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശ (Accredited Social Health Activists – ASHA) അഥവാ ആശ വർക്കർ. ആരോഗ്യരംഗത്തെ ആക്ടിവിസ്റ്റുകൾ അഥവാ സന്നദ്ധ പ്രവർത്തകരാണ് ഇവർ. 2005ൽ ആണ് ദൗത്യസംഘം ആരംഭിച്ചത്. ജില്ലയിൽ 2375 ആശ പ്രവർത്തകരാണ് ഉള്ളത്. ഒരു വാർഡിന് ഒരാൾ എന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. എന്നാൽ ആദ്യഘട്ടത്തിൽ ആശ വർക്കർമാരായി എത്തിയ ആരെയും ഒഴിവാക്കാത്തതിനാൽ ചില വാർഡുകളിൽ രണ്ടു പേരുടെ സേവനമുണ്ട്. ഇത് കോർപറേഷൻ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയിൽ ആണെങ്കിൽ 2500 ആളുകൾക്ക് ഒരു ആശ വർക്കർ എന്ന രീതിയിലാണ് പ്രവർത്തനം.

മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക, പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക,
ജീവിതശൈലീരോഗങ്ങൾ,തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക, കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുക,
ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് ആശാ പ്രവർത്തകരുടെ ദൗത്യം. 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകളെയാണ് ആശമാരായി നിയമിച്ചിരിക്കുന്നത്.