ആലപ്പുഴ: അമിത വേഗത്തിലും നമ്പര്‍ പ്ലേറ്റ് മനഃപൂര്‍വം ഇളക്കിമാറ്റിയും റോഡിലൂടെ പായുന്നവരെ പിടികൂടാന്‍ ‘ ഓപ്പറേഷന്‍ റാഷുമായി മോട്ടോര്‍ വാഹനവകുപ്പ്. ഓപ്പറേഷന്‍ റാഷിന്റെ ഭാഗമായി തിങ്കള്‍ മുതല്‍ ബുധന്‍ വരെ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 265 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചങ്ങനാശ്ശേരിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സര ഓട്ടം നടത്തുന്നവരെ പിടികൂടാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓപ്പറേഷന്‍ റാഷ് നടത്തുന്നത്. ജില്ലാ ആര്‍. ടി. ഓഫീസും സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, കായകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ സ്ഥലങ്ങളിലാണ് വ്യാപകമായി പരിശോധന നടത്തുന്നത്. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരെ പിഴ അടച്ചു മാത്രം രക്ഷപെടുവാന്‍ അനുവദിക്കാതെ കേസുകള്‍ ഇ – കോടതിയിലേക്ക് (വെര്‍ച്വല്‍ കോടതി) മാറ്റും. ഒന്നിലേറെ തവണ ഗതാഗത നിയമ ലംഘനത്തിന് ഇ- കോടതി കയറേണ്ടി വന്നാല്‍ ശിക്ഷ വര്‍ദ്ധിക്കുകയും വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് െൈലസന്‍സ് എന്നിവ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. ആലപ്പുഴ ബൈപ്പാസില്‍ അപകടകരമായ രീതിയില്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ വാഹനമോടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ താലൂക്ക് ചുമതലയുള്ള എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ.മാരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിച്ച 48 പേര്‍ക്കെതിരെയും അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 26 പേര്‍ക്കെതിരെയും വാഹന രൂപമാറ്റം വരുത്തിയ 67 പേര്‍ക്കെതിരെയും അമിത ശബ്ദം പുറപ്പെടുവിച്ച് വാഹനമോടിച്ച 124 പേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ലൈസന്‍സ് റദ്ദ് ചെയ്യാന്‍ 16 പേര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ സൈലന്‍സര്‍ മാറ്റിവെച്ചു അമിത ശബ്ദം ഉണ്ടാക്കിയ 764 വാഹന ഉടമകള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കും. ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാെണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍. ടി. ഒ. പി. ആര്‍. സുമേഷ് അറിയിച്ചു. ഒപ്പറേഷന്‍ റാഷുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. പരാതി നല്‍കേണ്ട വാട്ട്‌സ്ആപ് നമ്പര്‍ 9188961004.
