സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭ മന്ദംകൊല്ലി വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. പരാതി സമര്‍പ്പിക്കുതിനുള്ള അവസാന തിയ്യതി ജൂലൈ ഒമ്പതാണ്. ഇരുപതിനകം ഇതിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കും. തുടര്‍ന്ന് 24ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

2018 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു. 2015-ലെ പൊതുതിരഞ്ഞെടുപ്പിലോ അതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലോ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാവും കരട് തയ്യാറാക്കുക. ഇതു നഗരസഭാ ഓഫിസ്, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശന്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ വരണാധികാരി ഷീലാ ജോണ്‍, ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ കെ. മുനവ്വര്‍, മുനിസിപ്പല്‍ സൂപ്രണ്ട് ടി.എസ് സുമന്‍ എന്നിവര്‍ പങ്കെടുത്തു.