കണ്ണൂർ: കടകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് വിവിധ വ്യാപാര സംഘടന നേതാക്കള്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരി സംഘടന നേതാക്കളുടെ യോഗത്തിലാണ് അവര്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണെന്നും വ്യാപാരികള്‍ പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കണമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. വാക്സിന്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് നിലവില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വാക്‌സിന്‍ ലഭ്യമാകുന്നതുവരെ ആര്‍ടിപിസിആര്‍ പരിശോധനയക്കായി പ്രാദേശിക തലത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തും. ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ വ്യാപാരികള്‍ മുന്‍കൈയെടുക്കണം. കടകളിലെ തിരക്ക് കുറക്കുന്നതിന്റെയും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെയും ഉത്തരവാദിത്തം വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം.

ഓണം അടുത്ത സാഹചര്യത്തില്‍ വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പുതിയ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. വ്യാപാരികള്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകളെ തുടര്‍ന്ന് രോഗ വ്യാപനം കൂടുന്ന സാഹചര്യം ഉണ്ടാവാതെ നോക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ മറ്റൊരു ലോക്ക്ഡൗണിലേക്ക് കാര്യങ്ങളെത്തുന്ന സ്ഥിതിയാവുമെന്നും അദ്ദേഹം പറഞ്ഞു. കടകളിലെ തിരക്ക് കുറയ്ക്കുന്നതിനായി അകത്തെ ഒഴിവ് സ്ഥലത്തിന്റെ വിസ്തൃതി, 25 ചരുരശ്ര അടിയില്‍ ഒരാള്‍ എന്ന തോതില്‍ എത്ര പേര്‍ക്ക് ഒരോ സമയം കടയ്ക്കകത്ത് പ്രവേശിക്കാം, ആകെ എത്ര ജീവനക്കാര്‍, അവരില്‍ വാക്‌സിനേഷന്‍ എടുത്തവരുടെയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ഒരു മാസത്തിനു മുമ്പ് കൊവിഡ് ബാധിച്ചവരും എത്ര പേര്‍ എന്നീ വിവരങ്ങള്‍ പുറത്തുനിന്ന് കാണാനാവും വിധം പ്രദര്‍ശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

കടകള്‍ക്കു പുറത്ത് സാധ്യമായ ഇടങ്ങളില്‍ കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ ഒരുക്കണം. ആളുകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇടങ്ങളില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വെക്കണം. സാധ്യമാവുമെങ്കില്‍ ഹോം ഡോലിവറി സൗകര്യമൊരുക്കണം. നേരത്തേ ഫോണില്‍ വിളിച്ചുപറഞ്ഞ് സാധനങ്ങള്‍ എടുത്തുവച്ച ശേഷം ഉപഭോക്താക്കള്‍ കടകളിലെത്തുന്ന രീതി പ്രോല്‍സാഹിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പോലിസ് നിരീക്ഷണം ശക്തമാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലീസ് മേധാവി ആര്‍ ഇളങ്കോ, എഡിഎം കെ കെ ദിവാകരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി, ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി കെ വി ഹനീഷ്, എകെഡിഎ ജില്ലാ പ്രസിഡണ്ട് ടി രാജന്‍, ജനറല്‍ സെക്രട്ടറി താജ് ജേക്കബ്,  വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് വി ഗോപിനാഥന്‍, ജോ സെക്രട്ടറി പി ഇ സജീവന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.